പ്രതീക്ഷ വെള്ളത്തിൽ; ആഗോള ബോക്‌സോഫീസിൽ അവതാർ മുങ്ങുന്നു

ഗ്ലോബൽ ബോക്‌സ്ഓഫീസിൽ ചിത്രം നിരാശ സമ്മാനിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ മികച്ച കളക്ഷൻ നേടുന്നു എന്നാണ് റിപ്പോർട്ടുകൾ

Update: 2022-12-21 09:51 GMT
Editor : abs | By : Web Desk

സിനിമാ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു അവതാർ ദി വേ ഓഫ് വാട്ടർ. ഡിസംബർ 16 നാണ് ചിത്രം തിയറ്ററിലെത്തിയത്. 2009 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച കളക്ഷൻ ലഭിച്ചിരുന്നു. ആ പ്രതീക്ഷയിലാണ് ജെയിംസ് കാമറൂൺ രണ്ടാം ഭാഗവുമായി എത്തിയത്. എന്നാൽ ബോക്‌സ് ഓഫീസിൽ ചിത്രം കിതക്കുകയാണെന്നാണ് കളക്ഷൻ റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നത്.

ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ കേവലം 435 മില്യൺ യുഎസ് ഡോളർ മാത്രമാണ്. ഇത് ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ച കളക്ഷനിലും എത്രയോ കുറവാണ്. അവതാറിന്റെ ആദ്യ ഭാഗത്തിന് 2.8 ബില്യൺ യുഎസ് ഡോളറാണ് നേടിയത്. ഇതായിരുന്നു രണ്ടാം ഭാഗത്തിന്റെയും പ്രതീക്ഷ വർധിപ്പിച്ചത്. ക്രിസ്മസ്, ന്യൂ ഇയര് അവധിക്കാലം തുണയ്ക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. വേൾഡ് വൈഡായി 52,000 തിയറ്ററുകളിലാണ് ചിത്രം എത്തിയത്.

Advertising
Advertising

അതേസമയം ഗ്ലോബൽ ബോക്‌സ്ഓഫീസിൽ ചിത്രം നിരാശ സമ്മാനിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഗംഭീര കളക്ഷൻ നേടുന്നു എന്നാണ് റിപ്പോർട്ടുകൾ. 42 കോടിക്ക് മുകളിലാണ് ആദ്യ ദിനത്തിൽ മാത്രം ചിത്രം സ്വന്തമാക്കിയത്. ഇത് മറ്റൊരു റെക്കോർഡ് കൂടിയായിരുന്നു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ച്ത്രമെന്നതാണ് ആ നേട്ടം. സമീപകാലത്തെ ഇന്ത്യൻ ചിത്രങ്ങൾക്കൊന്നും നേടാൻ പറ്റാത്ത റെക്കോർഡ് കളക്ഷനുമായി തിയറ്ററുകളിൽ തുടരാനും അവതാർ ദ വേ ഓഫ് വാട്ടറിനാവുന്നുണ്ട്. റിലീസ് ചെയ്ത ആദ്യ വീക്കെൻറിൽ 129 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

4000 സ്‌ക്രീനുകളിലാണ് ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്തത്. 2019 ൽ വെറും 2800 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത അവഞ്ചേഴ്‌സ് എൻഡ് ഗെയിമിൻറെ 53 കോടി രൂപയെന്ന ഫസ്റ്റ് ഡേ കളക്ഷൻ മറി കടക്കാൻ സാധിച്ചില്ല എന്നത് മറ്റൊരു വസ്തുതയാണ്.

2009ൽ 'അവതാർ' ഇറങ്ങിയപ്പോൾ പിറന്നത് വലിയ റെക്കോർഡ് നേട്ടങ്ങളായിരുന്നു. 237 മില്യൺ യുഎസ് ഡോളർ ചിലവിൽ വന്ന ചിത്രം ആകെ 2.8 ബില്യൺ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ 'ടൈറ്റാനിക്' കുറിച്ച റെക്കോർഡാണ് അന്ന് 'അവതാർ' തകർത്തത്. 1832 കോടി രൂപയാണ് അവതാർ ദി വേ ഓഫ് വാട്ടറിന്റെ നിർമ്മാണ ചിലവ്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News