നെറ്റ്ഫ്‌ളിക്‌സ് എടുക്കാത്ത സിനിമ തിയേറ്ററിലേക്ക് എന്ന തന്റെ പരാമർശം കുറുപ്പ് എന്ന സിനിമയെക്കുറിച്ചല്ലെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടിയിലേക്കോ തിയേറ്ററിലേക്കോ എന്ന ചർച്ച സജീവമായതിനിടെ ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു പ്രിയദർശന്റെ പരാമർശം.
ഒടിടി പ്ലാറ്റ്‍ഫോമുകള്‍ക്ക് വില്‍ക്കാന്‍ പറ്റാത്ത സിനിമകള്‍ ചിലര്‍ തിയറ്ററില്‍ കൊണ്ടുവരുമ്പോള്‍, തിയറ്ററുകാരെ രക്ഷിക്കാനാണെന്ന് കള്ളം പറയുകയാണെന്നായിരുന്നു പ്രിയദര്‍ശന്‍റെ പ്രസ്‍താവന. പ്രസ്താവന വലിയ തോതില്‍ വിവാദമാകുകയും ചെയ്തു. കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ എന്ന ചിത്രത്തെക്കുറിച്ചാണ് പ്രിയദര്‍ശന്റെ അഭിപ്രായ പ്രകടനം എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ അടക്കം പറച്ചില്‍.
'ചില ആളുകളൊക്കെ സിനിമയെടുക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സിന് വില്‍ക്കാന്‍ പറ്റാത്ത സിനിമകളൊക്കെ കൊണ്ടുവന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്‍തിട്ട് പറയുന്നുണ്ട്, ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങിച്ച് തിയറ്ററുകാരെ സഹായിക്കാനാണെന്ന്. അതൊന്നും ശരിയല്ല'-ഇതായിരുന്നു പ്രിയദര്‍ശന്റെ പ്രസ്താവന. വിവാദമായതോടെയാണ് പ്രിയദര്‍ശന്‍ ട്വിറ്ററില്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്.
'ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങളായി മാധ്യമങ്ങള്‍, എന്റെ വാക്ക് വാക്കുകള്‍ വളച്ചൊടിച്ചതായി കാണുന്നു', പ്രിയദര്‍ശന്‍ ട്വീറ്റ് ചെയ്തു. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുന്പാവൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അടുത്തതായി റിലീസ് ചെയ്യുന്ന ആശിര്‍വാദ് സിനിമാസിന്റെ അഞ്ച് ചിത്രങ്ങളും ഒടിടി തന്നെയെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. മരക്കാറിന് പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നിവ ഒടിടി റിലീസായിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.