ആടുജീവിതത്തിലെ നജീബിന്റെ മുന്നാം ലുക്ക് പുറത്ത്

സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ ആണ് പോസ്റ്റർ പുറത്തുവിട്ടത്

Update: 2024-01-30 16:23 GMT

ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്റർ  സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്‌. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുന്‍പുള്ള നജീബിനെയാണ് പുതിയ പോസ്റ്ററില്‍ കാണാനാവുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

Advertising
Advertising

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News