മലയാളികളുടെ മനസിലേക്ക് ചിരിപ്പിച്ച് പറന്ന് പൈങ്കിളി
സ്ക്രീനിൽ വരുന്നവരും പോകുന്നവരുമൊക്കെ ഓരോ സെക്കൻഡും ചിരി നിറച്ചിരിക്കുകയാണ്
അസ്സലൊരു ചിരിപ്പടം. സജിൻ ഗോപൻ- അനശ്വര രാജൻ ചിത്രം പൈങ്കിളി അടിമുടി കോമഡിയാണ്. ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി ഇപ്പോൾ തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് ഈ കൊച്ചു ചിത്രം. പ്രേക്ഷകരെ പരിസരം മറന്ന് ആർത്തു ചിരിപ്പിച്ച് വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നു.
സ്ക്രീനിൽ വരുന്നവരും പോകുന്നവരുമൊക്കെ ഓരോ സെക്കൻഡും ചിരി നിറച്ചിരിക്കുകയാണ് ചിത്രത്തിൽ. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ ഹൗസ്ഫുൾ ഷോകളുമായാണ് പൈങ്കിളിയുടെ കുതിപ്പ്.
നാട്ടിൽ ഒരു സ്റ്റിക്കർ സ്ഥാപനം നടത്തുന്ന സുകുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫേസ്ബുക്കിൽ സുകു വേഴാമ്പൽ എന്നറിയപ്പെടുന്ന സാക്ഷാൽ സുകു സുജിത്ത്കുമാര്‍ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. ഫെയ്സ്ബുക്കിൽ പൈങ്കിളി സാഹിത്യമൊക്കെയെഴുതിയിടലാണ് ഹോബി. ഒരു അത്യാവശ്യ കാര്യവുമായി ബന്ധപ്പെട്ട് സുകു സുഹൃത്ത് പാച്ചനുമായി തമിഴ്നാട്ടിലേക്ക് യാത്രയ്ക്കിറങ്ങുന്നു. അവിടെ കല്ല്യാണ തലേന്ന് ഒളിച്ചോടൽ ഒരു ഹോബിയാക്കി മാറ്റിയ ഷീബ ബേബി കറങ്ങിതിരിഞ്ഞ് സുകുവിന്‍റെ ജീവിതത്തിലേക്ക് എത്തിച്ചേരുന്നതും തുടര്‍ന്ന് നടക്കുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
നമ്മള്‍ ചുറ്റുവട്ടങ്ങളിൽ കേട്ടിട്ടുള്ള കഥയാണെങ്കിൽ കൂടി തികച്ചും ഫ്രഷ്നെസ് അപ്രോച്ച് ആതാണ് ഈ പൈങ്കിളിയെ വ്യത്യസ്തമാക്കുന്നത്. സജിൻ ഗോപു-അനശ്വര ജോഡിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. കാണികളിൽ നല്ലൊരു ഫ്രഷ്നെസ് നൽകാൻ ഇവർക്ക് കഴിയുന്നുണ്ട്. യുവ ജനങ്ങളെ മാത്രമല്ല കുടുംബപ്രേക്ഷകരേയും എല്ലാ പ്രായത്തിലുള്ളവരേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ നടൻ ശ്രീജിത്ത് ബാബു ഒരുക്കിയ പൈങ്കിളിക്ക് കഴിയുന്നുണ്ട്.
'ആവേശം' സിനിമയൊരുക്കിയ സംവിധായകൻ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെ സ്കോർ ചെയ്തിട്ടുണ്ട്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചു. രസകരമായ ഒട്ടേറെ ഗാനങ്ങളും ചിത്രത്തിൽ അന്യായ വൈബ് സമ്മാനിക്കുന്നുണ്ട്. അർജുൻ സേതുവിന്‍റെ ഛായാഗ്രഹണവും കിരൺ ദാസിന്‍റെ എഡിറ്റിംഗും ജസ്റ്റിൻ വർഗീസിന്റെ സംഗീത സംവിധാനവും ചിത്രത്തെ മികവുറ്റതാക്കി. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് 'പൈങ്കിളി'യുടെ നിർമാണം.