ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പം മറ്റൊരു സൂപ്പർതാരം കൂടി?; ആംകാക്ഷയിൽ ആരാധകർ

35 വർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്

Update: 2022-08-10 12:53 GMT
Advertising

ഉലകനായകൻ കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ത്യൻ 2 വിൽ മറ്റൊരു സൂപ്പർതാരം കൂടിയെത്തുന്നു. തമിഴ് സൂപ്പർ താരം സത്യരാജും ചിത്രത്തിൽ ഉലകനായകനൊപ്പം വേഷമിടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയിൽ താരം ഏറെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. 35 വർഷത്തിന് ശേഷമാണ് കമൽഹാസനും സത്യരാജും ഒരു സിനിമയിൽ ഒന്നിക്കുന്നത്. 

 'ഇന്ത്യൻ 2' വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാളി താരം നന്ദു പൊതുവാള്‍ അഭിനയിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നെടുമുടി വേണുവുമായി നന്ദു പൊതുവാളിനുള്ള രൂപ സാദൃശ്യമാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാള്‍ പൂര്‍ത്തീകരിക്കും.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേകും കഴിഞ്ഞ കോവിഡ് കാലത്ത് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി കാർത്തിക്കാണ് സിനിമയിലെത്തുന്നത്. സെപ്റ്റംബർ രണ്ടാം വാരം മുതൽ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ 'ഇന്ത്യൻ' 1996ലാണ് പുറത്തിറങ്ങിയത്. എസ്.ശങ്കറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. അന്ന്  നിരവധി  ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. 1996 ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻഡ്രി കൂടിയായിരുന്നു സിനിമ. ചിത്രത്തിലെ അഭിനയം കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News