ആ സിനിമയില്‍ നിന്നും കുഞ്ചാക്കോ ബോബനെ മാറ്റിയാണ് ഷീലയുടെ മകനെ നായകനാക്കിയത്; തുറന്നു പറഞ്ഞ് നിര്‍മാതാവ്

ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ പ്ലാന്‍ ചെയ്തത്

Update: 2021-08-19 07:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

അനിയത്തി പ്രാവ് എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി താരമാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം ഹിറ്റായതുകൊണ്ടു തന്നെ ചാക്കോച്ചന് അക്കാലത്ത് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. താഹ സംവിധാനം ചെയ്ത ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലും നായകനായി തീരുമാനിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ചാക്കോച്ചനെ മാറ്റുകയായിരുന്നു. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് നിര്‍മാതാവ് മമ്മി സെഞ്ച്വറി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവിന്‍റെ വെളിപ്പെടുത്തല്‍.

ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ പ്ലാന്‍ ചെയ്തത്. ഇതേ പേരില്‍ ഒരു നാടകം തുടര്‍ച്ചായി കളിച്ചിരുന്നു. അത് കണ്ട് ഇഷ്ടപ്പോള്‍ നാടകത്തിന്റെ അവകാശം കഥാകൃത്തിനോട് വാങ്ങിക്കുകയായിരുന്നു. സിനിമ സംവിധാനം ചെയ്യാന്‍ താഹയെ ആണ് വിളിച്ചത്. ചാക്കോച്ചന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ നടന്റെ അമ്മയാണ് ഫോണ്‍ എടുത്തത്. സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ആരാണ് ഡയറക്ടര്‍ എന്നാണ് അവര്‍ ചോദിച്ചത്. താഹയാണെന്ന് പറഞ്ഞപ്പോള്‍ താഹയാണെങ്കില്‍ ഒന്ന് വിളിക്കാന്‍ പറ എന്ന് പറഞ്ഞു. ഉദയയുടെ ഒരു പടം എടുക്കാന്‍ താഹ പോയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പ്രോജക്ട് നടന്നില്ല.

എന്നാലും ചാക്കോച്ചന്‍റെ കുടുംബത്തിന് സംവിധായകനെ ഭയങ്കര കാര്യമായിരുന്നു. താഹയാണ് സംവിധായകന്‍ എങ്കില്‍ പടം എന്തായാലും ചെയ്യാം എന്ന് കുഞ്ചാക്കോയുടെ കുടുംബം പറഞ്ഞു. എല്ലാം ഒകെയായപ്പോള്‍ ഒടുവിലാണ് നടന്‍ എംബിഎ പരീക്ഷ ഉളളതിനാല്‍ നാല് മാസം കഴിഞ്ഞേ അഭിനയിക്കാന്‍ പറ്റൂ എന്നറിയുന്നത്. തങ്ങള്‍ക്കാണെങ്കില്‍ സിനിമ ഉടനെ തന്നെ ചെയ്യുകയും വേണം.

അങ്ങനെയാണ് ചാക്കോച്ചന് പകരം ഷീലയുടെ മകന്‍ ജോര്‍ജ് വിഷ്ണു നായകനായത് എന്നും മമ്മി സെഞ്ച്വറി പറയുന്നു. 1997ല്‍ റിലീസ് ചെയ്ത ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ജഗദീഷ്, ജഗതി ശ്രീകുമാര്‍, തിലകന്‍, കല്‍പ്പന, കാവേരി, സുകുമാരി, ദേവന്‍, ഗീത, മാള അരവിന്ദന്‍, എന്‍.എഫ് വര്‍ഗീസ് എന്നിവരാണ് അഭിനയിച്ചത്. ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News