നടികർ തിലകത്തിലൂടെ മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലേക്ക്
ടൊവിനോ തോമസും സൗബിൻ ഷാഹിറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ തിലകം' എന്ന സിനിമയിലൂടെ മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലേക്ക്. ഗോഡ്സ്പീഡുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസും സൗബിൻ ഷാഹിറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുഷ്പ - ദ റൈസ് പാർട്ട് 1 പോലുള്ള ജനപ്രിയ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മെക്കേഴ്സ് മലയാളത്തിലേക്ക് ചുവടുവെക്കുന്നു. അലൻ ആന്‍റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും നടികർ തിലകം നിർമിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ സോമശേഖരനാണ്. ഛായാഗ്രഹണം ചെയ്യുന്നത് കാണെക്കാണെയുടെ ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ്. രതീഷ് രാജാണ് എഡിറ്റർ. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം- പ്രവീൺ വർമ. മേക്കപ്പ്- ആർ ജി വയനാട്. അൻബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.
ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈൻ- ഹെസ്റ്റൺ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.