നസറുദ്ദീൻ ഷാ മികച്ച നടനാണ്, എന്നാല്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം ശരിയല്ല; ഷായുടെ കേരള സ്റ്റോറി പരാമര്‍ശത്തിനെതിരെ മനോജ് തിവാരി

ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസ് വിജയത്തോട് പ്രതികരിച്ച നസറുദ്ദീൻ ഇത് അപകടകരമായ പ്രവണതയാണെന്ന് പ്രതികരിച്ചിരുന്നു

Update: 2023-06-02 06:48 GMT
Editor : Jaisy Thomas | By : Web Desk

നസറുദ്ദീന്‍ ഷാ/ മനോജ് തിവാരി

Advertising

മുംബൈ: കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള നടന്‍ നസറുദ്ദീന്‍ ഷായുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് മനോജ് തിവാരി. നസറുദ്ദീൻ ഷാ ഒരു നല്ല നടനായിരിക്കാം, എന്നാൽ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം ശരിയല്ലെന്ന് തിവാരി പറഞ്ഞു. ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസ് വിജയത്തോട് പ്രതികരിച്ച നസറുദ്ദീൻ ഇത് അപകടകരമായ പ്രവണതയാണെന്ന് പ്രതികരിച്ചിരുന്നു.


ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മനോജ് തിവാരിയുടെ പ്രതികരണം. കേരള സ്റ്റോറി പോലുള്ള സിനിമകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നസറുദ്ദീന്‍ ഷായ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും നടന്‍ കൂടിയായ തിവാരി പറഞ്ഞു. ''അദ്ദേഹം മികച്ചൊരു നടനാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം ശരിയല്ല. ഹൃദയഭാരത്തോടെയാണ് ഞാനിതു പറയുന്നത്. ഒരു പയ്യൻ ഒരു കടയിലിരുന്ന് ഒരു സ്ത്രീയെ കുറിച്ച് പറയുന്നതായി കാണിക്കുന്ന സിനിമകൾ നിർമ്മിച്ചപ്പോൾ, നസീർ സാഹബിന് (നസറുദ്ദീന്) ഒന്നും പറയാനുണ്ടായിരുന്നില്ല.സംസാരിക്കാൻ വളരെ എളുപ്പമാണ്. അദ്ദേഹം സ്വയം തിരിച്ചറിഞ്ഞ രീതി ഒരു ഇന്ത്യക്കാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും നല്ലതല്ല.'' മനോജ് കുറ്റപ്പെടുത്തി.



ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ കേരള സ്റ്റോറി കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശ്യമില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞത്. ''ഭീദ്, അഫ്വാഹ്, ഫറാസ് തുടങ്ങിയ മൂല്യവത്തായ സിനിമകൾ പൊളിഞ്ഞു. ആരും കാണാൻ പോയില്ല, കേരള സ്റ്റോറി കാണാൻ ആളുകൾ ഒഴുകുന്നു. വേണ്ടത്ര വായിച്ചതിനാൽ ഇത് കാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.'' എന്നായിരുന്നു ഷാ പറഞ്ഞത്. നേരത്തെ നടന്‍ കമല്‍ഹാസനും കേരള സ്റ്റോറിക്കെതിരെ രംഗത്തെത്തിയിരുന്നു. 'പ്രൊപ്പഗാണ്ട സിനിമ' എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News