പ്രശസ്തിക്കോ മാധ്യമശ്രദ്ധക്കോ വേണ്ടി ആരെയും കരിവാരി തേക്കേണ്ട ആവശ്യം തനിക്കില്ല; ധനുഷുമായുള്ള തർക്കത്തിൽ നയൻതാര
വിവാദമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല, പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആളുകൾ കരുതി
ചെന്നൈ : 'ബിയോണ്ട് ദി ഫെയറിടെയ്ൽ' ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തെന്നിന്ത്യൻ നടി നയൻതാര. തന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയുടെ റിലീസുമായി ബന്ധപ്പെട്ട് തമിഴ് നടൻ ധനുഷുമായി ഉണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചാണ് നയൻതാര ആദ്യമായി തുറന്ന് പ്രതികരിച്ചത്. ധനുഷിനെതിരെ നയൻതാര പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പ്രശസ്തിക്കോ മാധ്യമശ്രദ്ധക്കോ വേണ്ടി ആരെയും കരിവാരി പൂശേണ്ട ആവശ്യം തനിക്കില്ലെന്ന് താരം വ്യക്തമാക്കി."ഇത് ഒരിക്കലും വിവാദമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ ആരാധകർ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കരുതി. പക്ഷ ഞങ്ങളുടെ മനസ്സിൽ അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല. ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്‍ററിയല്ലേ. ഹിറ്റോ ഫ്ലോപ്പോ ആവുന്ന ഒന്ന് അല്ലല്ലോ അത്. റിലീസിന് തൊട്ട് മുൻപ് ലീഗൽ നോട്ടീസ് വന്നത് കൊണ്ടാണ് ഞങ്ങൾ പ്രതികരിച്ചത്. ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. മാനേജറെയും മറ്റ് പൊതുസുഹൃത്തുക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചു. അദ്ദേഹം എന്നോട് സംസാരിക്കാൻ തയ്യാറായില്ല. എൻഒസി തരാതിരിക്കാൻ അദ്ദേഹത്തിന് അവകാശം ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ എന്താണ് അദ്ദേഹത്തിന് ദേഷ്യം ഉണ്ടാകാൻ കാരണം എന്ന് കണ്ടെത്താനാണ് ഞാൻ ശ്രമിച്ചത്. ഭാവിയിൽ മികച്ച സുഹൃത്തുക്കൾ ആകണമെന്നല്ല, എവിടെ നിന്നെങ്കിലും കണ്ടാൽ ഹായ് പറയാൻ ഉള്ള ബന്ധം വേണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ ധനുഷ് ഒന്നും മിണ്ടിയില്ല," ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നയൻതാര പ്രതികരിച്ചു.
"ഞങ്ങളുടെ ഡോക്യുമെന്‍ററി ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് അത്തരമൊരു കുറിപ്പ് ഇറക്കണമെന്നും ഉദ്ദേശിച്ചിരുന്നതല്ല. വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ട് മൂന്ന് ദിവസം അത് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടിവന്നു. പ്രതികരണം വേണമോ വേണ്ടയോ എന്ന് ആലോചിച്ചു. ശരിയെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ എന്തിനാണ് ഞാന്‍ ഭയക്കുന്നത് എന്ന് ചിന്തിച്ചു. എന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കിലല്ലേ ഞാന്‍ ഭയക്കേണ്ടതുള്ളൂ", നയന്‍താര പറയുന്നു.