എം.എസ് ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറിയുടെ 5 വര്‍ഷങ്ങള്‍; നൊമ്പരമായി സുശാന്ത്

ധോനിയുടെ ജീവിതകഥ പറയുന്ന 'എം.എസ് ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറി' 2016 സെപ്തംബര്‍ 30നായിരുന്നു തിയറ്ററുകളിലെത്തിയത്

Update: 2021-09-30 08:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇന്ത്യന്‍ സിനിമയിലെ മികച്ച സ്പോര്‍ട്സ് ഡ്രാമ അല്ലെങ്കില്‍ ബയോപിക് ഗണത്തില്‍ തീര്‍ച്ചയായും ഉയര്‍ന്നു വരുന്ന പേരായിരിക്കും 'എം.എസ് ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറി'. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത് ആയിരുന്നു ധോനിയുടെ വേഷത്തിലെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകനായിരുന്ന എം.എസ് ധോനിയെ വരച്ചുവച്ചതുപോലെയായിരുന്നു അണ്‍ടോള്‍ഡ് സ്റ്റോറിയിലെ സുശാന്ത്. ചിത്രം പുറത്തിറങ്ങി അഞ്ചു വര്‍ഷം തികയുമ്പോള്‍ അകാലത്തില്‍ വിട പറഞ്ഞ സുശാന്ത് ഒരു നൊമ്പരമാവുകയാണ്. ചിത്രം വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍ കണ്ണീരോടെയല്ലാതെ ആരാധകര്‍ക്ക് സുശാന്തിനെ ഓര്‍മിക്കാനാവില്ല.


ധോനിയുടെ ജീവിതകഥ പറയുന്ന 'എം.എസ് ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറി' 2016 സെപ്തംബര്‍ 30നായിരുന്നു തിയറ്ററുകളിലെത്തിയത്. ധോനി ആരാധകരെയും സുശാന്ത് ഫാന്‍സിനെയും ചിത്രം നിരാശരാക്കിയില്ല. ക്രിക്കറ്റ് പിച്ചിലെ ധോനിയായി സുശാന്ത് തകര്‍പ്പന്‍ പ്രകടനമായി സുശാന്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. ധോനിയെപോലെ തന്നെ എളിമയുള്ള കൂളായ മനുഷ്യനാണ് സുശാന്ത് എന്നായിരുന്നു സംവിധായകന്‍ നീരജ് പാണ്ഡെയുടെ അഭിപ്രായം. കഠിനാധ്വാനിയായ സുശാന്തിന് പല തരത്തിലും ധോനിയുമായി സാമ്യമുള്ളതുകൊണ്ട് ചിത്രത്തിലേക്ക് താരത്തെ തെരഞ്ഞെടുത്തതെന്നാണ് പാണ്ഡെ പറഞ്ഞത്.



അനുപം ഖേറായിരുന്നു ധോനിയുടെ പിതാവ് പാന്‍ സിംഗായി എത്തിയത്. കിയാര അദ്വാനി ഭാര്യ സാക്ഷിയുടെ വേഷത്തിലും സഹോദരി ജയന്തി ഗുപ്തയായി ഭൂമിക ചാവ്‍ലയും അഭിനയിച്ചു. അങ്ങനെ കാസ്റ്റിംഗിന്‍റെ കാര്യത്തിലും മികവ് പുലര്‍ത്തിയിരുന്നു ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറി. ഹിന്ദിക്ക് പുറമെ തമിഴ്,തെലുങ്ക്,മറാഠി ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിരുന്നു. ബോക്സോഫീസ് ഹിറ്റായ ചിത്രം 189 കോടി കലക്ഷനാണ് നേടിയത്.



സിനിമയില്‍ ആത്മവിശ്വാസത്തിന്‍റെ പ്രതിരൂപമായ സുശാന്ത് അത്ര ആത്മവിശ്വാസമുള്ള ആളല്ല എന്ന് അദ്ദേഹത്തിന്‍റെ ആത്മഹത്യ വാര്‍ത്ത പുറത്തുവന്ന സമയത്താണ് ആരാധകര്‍ മനസിലാക്കിയത്. 2020 ജൂണ്‍ 14ന് മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷാദരോഗിയായിരുന്ന സുശാന്ത് ആറ് മാസമായി ചികിത്സയിലായിരുന്നുവെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സുശാന്ത് മരിച്ച് എട്ടു മാസത്തിന് ശേഷം ചിത്രത്തില്‍ ധോനിയുടെ സുഹൃത്തിന്‍റെ വേഷത്തില്‍ അഭിനയിച്ച സന്ദീപ് നഹറും ആത്മഹത്യ ചെയ്തിരുന്നു. സന്ദീപിനെയും മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News