'ചാക്കോച്ചന്റെ അന്യായ പെർഫോമൻസ്'; തിയറ്റർ ഇളക്കിമറിച്ച് 'ന്നാ താൻ കേസ് കൊട്'- ആദ്യ പ്രതികരണം

''ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' പോലെത്തന്നെ സ്വാഭാവിക അഭിനയവും അതിൽനിന്നുണ്ടാകുന്ന തമാശകളുമൊക്കെയായി രണ്ടേകാല് മണിക്കൂർ തിയറ്ററിൽ ഇരിക്കാനുള്ള വകുപ്പ് ഈ ചിത്രം ഓഫർ ചെയ്യുന്നു..''

Update: 2022-08-11 11:32 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: തിയറ്ററിനെ ഇളക്കിമറിച്ച് കുഞ്ഞാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്'. 'ദേവദൂതർ പാടി... സ്‌നേഹദൂതർ പാടി' ഗാനരംഗത്തിലെ കുഞ്ചാക്കോയുടെ വൈറൽ ഡാൻസിലൂടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസ് ദിവസത്തെ സൈബർ ആക്രമണത്തിലൂടെ കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് തിയറ്ററിൽനിന്നും ആദ്യ ഷോയ്ക്കു പിറകെ മികച്ച പ്രതികരണങ്ങൾ പുറത്തുവരുന്നത്.

കാസർകോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും മുൻനിരയിലും ഭാഗമായ കൂടുതൽ പേരും കണ്ണൂർ, കാസർകോട് ജില്ലക്കാരനാണ്. ചീമേനി, കയ്യൂർ, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂർ ഭാഗങ്ങളിലാണ് ചിത്രീകരണം നടന്നത്.

അസ്സല്‍ പടമെന്നാണ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍റെ പ്രതികരണം. ഉഗ്രൻ പടമാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കുറച്ചുനാൾ മാറി നടന്നിരുന്ന കുടുംബപ്രേക്ഷകരെ ,സിനിമാ ആസ്വാദകരെ ആകെ തിരിച്ചുകൊണ്ടുവരാൻ പോകുന്ന സിനിമയെന്നാണ് സംവിധായകന്‍ അനുരാജ് മനോഹര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. കലക്കന്‍ പടമെന്ന് യുവ കഥാകൃത്ത് അബിന്‍ ജോസഫ്.

സിനിമാ പാരഡിസോ ഫേസ്ബുക്ക് ഗ്രൂപ്പിൽ അതുൽ അശോകൻ പങ്കുവച്ച റിവ്യു ഇങ്ങനെയാണ്:

രതീഷ് പൊതുവാളിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ തന്നെയാണ് 'ന്ന താൻ കേസ് കൊട്'. കള്ളനായി ജീവിച്ച ഒരാൾ പ്രത്യേക സാഹചര്യത്തിൽ മോഷണം മതിയാക്കി ജോലി ചെയ്തു ജീവിക്കുന്നതും അയാളുടെ ജീവിതത്തിലേക്ക് യാദൃച്ഛികമായി കടന്നുവരുന്ന ഒരു കളവുകേസും അതിനോടുള്ള അയാളുടെ പോരാട്ടവുമാണ് രതീഷ് പൊതുവാളിന്റെ 'ന്ന താൻ കേസ് കൊട്' എന്ന സിനിമ. രാജീവനായി കുഞ്ചാക്കോ ബോബൻ കസറിയപ്പോൾ, ജഡ്ജിയായി വന്ന പുള്ളി മിക്ക സീനും കൊണ്ടുപോയി ഞെട്ടിച്ചു! അല്ലേലും പടത്തിലെ കാസ്റ്റിങ് ഒക്കെ പക്കാ.

കോടതിയും രാജീവന്റെ ജീവിതവും വളരെ റിയലിസ്റ്റിക് ആയിട്ട് തന്നെ രതീഷ് പൊതുവാൾ അവതരിപ്പിച്ചിട്ടുണ്ട്. രാകേഷ് ഹരിദാസിന്റെ സിനിമാറ്റോഗ്രാഫിയും വൈശാഖ് സുഗുണന്റെ മ്യൂസിക്കും കൂടെ ആവുമ്പോൾ മികച്ച ഒരു ഫാമിലി എന്റർടൈൻമെന്റ് വിരുന്നുതന്നെയാണ് ന്ന താൻ കേസ് കൊട്.

1:15 മിനുട്ടുള്ള ആദ്യപകുതിയിലും ഒരു മണിക്കൂറിന്റെ രണ്ടാം പകുതിയിലും ഒരു സ്ഥലത്തു പോലും ലാഗ് ഫീൽ ചെയിതിട്ടില്ല... ഹിമാലയത്തിൽനിന്ന് ഗംഗ ഒഴുകുന്നപോലെ ഒരു ഒഴുക്കായിരുന്നു ഈ പടം. പടത്തിലെ കോമഡി ഒക്കെ ഒന്നുപോലും മോശം പറയാൻ ഇല്ല. ചില സീനിൽ ഒക്കെ ചിരിച്ചു ഊപ്പാട് ഇളകി. ഇന്ന് FDFS കാണുമ്പോൾ തിയറ്ററിൽ ആകെ 10-20 പേരെ ഉണ്ടായിരുന്നുള്ളൂവെങ്കിലും പടം കഴിഞ്ഞ് ഇറങ്ങുമ്പോൾ ആ 20 പേരും പടത്തിനു നൽകിയ കയ്യടി മതി അടുത്ത ഷോ മുതൽ ഈ പടം ഹൗസ്ഫുൾ ബോർഡ് വച്ച് ഓടും എന്ന് ഉറപ്പിക്കാൻ.

ജിസ് ബാബു കാട്ടുങ്കലിന്റെ പോസ്റ്റിൽനിന്ന്: ഇതിന്റെ തിരക്കഥാകൃത്ത് വല്ല ഇല്ലൂമിനാണ്ടിയുമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മീഡിയയിലും മറ്റും ഈ അടുത്ത് ചർച്ചയായ/ആയിക്കൊണ്ടിരിക്കുന്ന പല വിഷയങ്ങളും സിനിമയിൽ ഇടയ്ക്കിടെ വന്നുപോവുന്നുണ്ട്..!

ഒരു കോടതിയും അവിടെ നടക്കുന്ന വാദപ്രതിവാദങ്ങളും മറ്റുമാണ് പ്രധാന കോണ്ടസ്റ്റ് എങ്കിലും അതിനെ ചുറ്റുപ്പറ്റിയുള്ള കഥാഗതിയും കഥാപാത്ര രൂപീകരണവും മികച്ച രീതിയിൽ കണക്ട് ചെയ്‌തെടുത്തത് നന്നായിട്ടുണ്ട്.

പലപ്പോഴും പൊളിറ്റിക്കൽ/സാമൂഹിക വിമർശനങ്ങൾ ഒരു സിനിമയിലേക്കെടുത്ത് പ്ലേസ് ചെയ്യുമ്പോൾ പലപ്പോഴുമതൊരു ഉപദേശ ലെവലിലായി അവസാനിക്കാറാണ് പതിവ്. പക്ഷേ ഇവിടെ അങ്ങനെയല്ല പറഞ്ഞുവയ്ക്കുന്നത്.. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' പോലെത്തന്നെ സ്വാഭാവിക അഭിനയവും അതിൽനിന്നുണ്ടാകുന്ന തമാശകളുമൊക്കെയായി രണ്ടേകാല് മണിക്കൂർ തിയറ്ററിൽ ഇരിക്കാനുള്ള വകുപ്പ് ഈ ചിത്രം ഓഫർ ചെയ്യുന്നു..

എംത്രിഡിബി ഗ്രൂപ്പിൽ സനൽകുമാർ പദ്മനാഭന്റെ കുറിപ്പിൽനിന്ന്:

അഞ്ചാം പാതിര, മോഹൻകുമാർ ഫാൻസ്, നായാട്ട്, നിഴൽ, ഭീമന്റെ വഴി, പട... നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല... 'ന്നാ താൻ കേസ് കൊട്..' റോഡിലെ കുഴി മൂലമുണ്ടാകാൻ സാധ്യതയുള്ളൊരു ആക്‌സിഡന്റിൽനിന്ന് രക്ഷപ്പെടാനായി തൊട്ടടുത്ത മതിൽ ചാടിക്കടന്ന രാജീവനെ ആ വീട്ടുവളപ്പിലെ നായ കടിക്കുകയും, അവിടെ ഓടിക്കൂടിയവർ അയാളെ കള്ളനായി മുദ്രകുത്തി മർദിക്കുകയും ചെയ്യുന്നു..

കുടുംബത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ രാജീവൻ നടത്തുന്ന നിയമപോരാട്ടമാണ് സിനിമ പറയുന്നത്... കഥാസന്ദർഭങ്ങൾ ചിലപ്പോഴൊക്കെ പുണ്യാളനിലെ ജോയ് താക്കോൽ കാരനെയും അയാളുടെ കേസുകളെയും ഓർമിപ്പിക്കുന്നുണ്ടെങ്കിലും കോടതിമുറിയിൽ നർമരൂപത്തിൽ ഉരുത്തിരിയുന്ന കഥ, കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചത് ഒരു പുതുമയുള്ള അനുഭവം കാണികൾക്കു നൽകുന്നുണ്ട്...

കുഞ്ചാക്കോ ബോബൻ നിസ്സഹായനും കൗശലക്കാരനുമായ കൊഴുമ്മൽ രാജീവനെ മാനറിസങ്ങൾ കൊണ്ടും കണ്ണൂർ ശൈലി സംഭാഷണം കൊണ്ടും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.. രാജീവന്റെ കണ്ണും കരുത്തും അയാളുടെ ചാലകശക്തിയുമായ ദേവിയെന്ന തമിഴ് കഥാപാത്രത്തെ ഗായത്രിയും നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്...

ശഹബാസ് അമന്റെ വോയ്സിൽ 'ആടാലോടകം ആടി നിക്കണ്' എന്ന പാട്ടും ദേവദൂതർ പാടിയും സിനിമക്കു വല്ലാത്തൊരു വശ്യത നൽകുന്നുണ്ടെങ്കിലും ജെറി അമൽദേവ് സാറിന്റെ 'ആയിരം കണ്ണുമായി' എന്ന മാസ്റ്റർപീസ് സോങ് ഇതിൽ പ്‌ളേയ്സ് ചെയ്തിരിക്കുന്നത് വിജയിച്ചില്ല എന്ന് തോന്നുന്നു...

ട്രെയിലറിൽ പറയുന്നതുപോലെ കയ്യൂക്കുള്ളവനും കാശുള്ളവനും എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെതിരെ ചോദിയ്ക്കാൻ പോയാൽ അവർ പറയുന്നൊരു വാചകമുണ്ട് 'ന്നാ താൻ കേസ് കൊട്' എന്ന്. അങ്ങനെ അത് കേട്ടിട്ട്, കേസ് കൊടുക്കാൻ മടിയായത് കൊണ്ടും കൊടുത്താലും ജയിക്കുമെന്ന് ഉറപ്പില്ലെന്നുള്ളത് കൊണ്ടും ഒന്നും ചെയ്യാതെ നിരാശരായി തലയും താഴ്ത്തി നടന്ന നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് വേണ്ടിയാണ് രാജീവൻ കേസ് കൊടുത്തിരിക്കുന്നതും കോടതിയിൽ വാദിക്കുന്നതും...

സ്‌പെഷ്യൽ മെൻഷൻ: മജിസ്ട്രേറ്റ് ആയി വേഷമിട്ട പി.പി കുഞ്ഞികൃഷ്ണൻ. ഇജ്ജാതി കിടിലൻ പെർഫോമൻസ്...

പിന്നെ ചോക്ലേറ്റ് നായകൻ എന്ന ഇമേജിൽ കിടന്ന മനുഷ്യനെ കൊഴുമ്മേൽ രാജീവനാക്കി മാറ്റിയ ഹസൻ വണ്ടൂർ എന്ന മേക്കപ്പ് ആർട്ടിസ്റ്റിനും...

'കാര്യങ്ങളെ കുറച്ചുകൂടി സരസമായിട്ട് കാണണം'

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ന്നാ താൻ കേസ് കൊട്'. സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക.

'തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന സിനിമയുടെ പോസ്റ്ററിനെതിരെയാണ് ഇടതു അനുകൂല പ്രൊഫൈലുകൾ വൻ വിമർശനമാണുയർത്തുന്നത്. സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും അവഹേളിക്കാനുള്ള ശ്രമമാണ് പരസ്യത്തിലെന്നാണ് പ്രധാന വിമർശനം. ചിത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനമുയരുന്നുണ്ട്.

എന്നാൽ, കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണണമെന്നായിരുന്നു കുഞ്ചാക്കോ ബോബൻ സൈബർ ആക്രമണത്തോട് പ്രതികരിച്ചത്. പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നത്. വൈരാഗ്യം, അമർഷം തുടങ്ങിയ കാര്യങ്ങൾ മാറ്റിയിട്ട് ഇതിലെ നന്മകളെന്താണ്, നല്ലതെന്താണെന്ന് കണ്ടു മനസിലാക്കണം. ഈ സിനിമയിൽ അതു തന്നെയാണ് കൂടുതലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളൊരു നല്ല കാര്യം ചെയ്യുമ്പോൾ നല്ലതിലെന്താണ് ചീത്ത എന്നു കാണാനാണ് ഇപ്പോൾ സമൂഹം കൂടുതൽ ശ്രമിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഞാൻ ആസ്വദിച്ചൊരു പരസ്യമാണത്. കാരണം സിനിമ കണ്ടുകഴിയുമ്പോൾ സിനിമയുടെ കഥയെന്താണെന്ന് മനസിലാക്കുകയും പരസ്യത്തെക്കാളുപരി കഥയിലേക്ക് വരികയും ആസ്വദിക്കുകയും കാണുകയും ചെയ്യുന്നൊരു കാഴ്ചയാണ് ഞാൻ തിയറ്ററിൽ കണ്ടത്. ആൾക്കാർ ചിരിക്കുന്നു, കയ്യടിക്കുന്നു... കൂടുതലും ഒരു ഹ്യൂമർ ആസ്‌പെക്ടിലാണ് ചിത്രം കാണാൻ വരേണ്ടതെന്ന് ഞാൻ വിചാരിക്കുന്നു. പറയുന്ന കാര്യങ്ങളിൽ സത്യമുണ്ട്. ആ സത്യം മനസിലാക്കി അതിനോട് പ്രതികരിക്കുക എന്നത് ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണ്. അതിനെക്കാളുപരി വിശാലമായി ചിന്തിച്ച് മറ്റു തലങ്ങളിലേക്ക് പോവുകയാണ്. സിനിമയിൽ കുഴി മാത്രമല്ല പ്രശ്‌നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കം രീതിയിൽ സാധാരണക്കാരെ ബാധിക്കുന്നു എന്നുള്ളത് ഒരു ഹ്യൂമറിൻറെയും സറ്റയറിൻറെയും സപ്പോർട്ടോടു കൂടി പറയുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം. കോവിഡിനു മുൻപുള്ള കാലഘട്ടം മുതൽ കോവിഡിൻറെ കാലം വരെയാണ് പറഞ്ഞുപോകുന്നത്. ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെയോ മാത്രം ടാർഗറ്റ് ചെയ്യുന്ന രീതിയിലൊന്നുമല്ല ഈ സിനിമ എടുത്തിരിക്കുന്നതെന്നും നടൻ വ്യക്തമാക്കി.

Summary: 'Nna thaan case kodu' movie first theater response

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News