ഒരു കരാര്‍ തകര്‍ത്തത് ബോളിവുഡിലെ കരിയര്‍; സല്‍മാന്‍റെ നായിക ഇന്ന് അമേരിക്കയിൽ ഡാൻസ് ടീച്ചര്‍, നടി ചാന്ദ്നിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?

ബോളിവുഡ് താരം സൽമാൻ ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ചിട്ടും കരിയർ പാതിവഴിയിൽ നിലച്ചുപോയ നടിയാണ് ചാന്ദ്‌നി

Update: 2026-05-09 06:26 GMT

മുംബൈ: സിനിമയിൽ പെട്ടെന്നാണ് താരങ്ങൾ ഉണ്ടാകുന്നത്...അതുപോലെ തന്നെയായിരിക്കും അവരുടെ അസ്തമനവും. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ മേഖലയാണ് സിനിമ...കഴിവും ഭാഗ്യവും ഒരുമിച്ച് ചേര്‍ന്നാൽ മാത്രം തിളങ്ങുന്ന ഇടം. ആദ്യ ചിത്രം ഹിറ്റായി പിന്നീട് വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷരായവരെയും അതുപോലെ പതിറ്റാണ്ടുകളുടെ പരിശ്രമത്തിൽ സിനിമയിൽ സ്ഥാനമുറപ്പിച്ചവരെയും നാം കണ്ടിട്ടുണ്ട്. ബോളിവുഡ് നടി ചാന്ദ്‍നിയെ സംബന്ധിച്ചിടത്തോളം ഒരു കരാറാണ് അവരുടെ കരിയര്‍ തകര്‍ത്തത്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ചിട്ടും കരിയർ പാതിവഴിയിൽ നിലച്ചുപോയ നടിയാണ് ചാന്ദ്‌നി. 1991-ൽ പുറത്തിറങ്ങിയ 'സനം ബേവഫ' എന്ന ചിത്രത്തിലൂടെയാണ് ചാന്ദ്‌നി ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ ആ സിനിമയുടെ വിജയത്തിന് ശേഷം ഒപ്പിട്ട ഒരു കരാർ അവരുടെ കരിയറിനെ തന്നെ മാറ്റിമറിക്കുകയായിരുന്നു.

Advertising
Advertising

1991-ൽ പുറത്തിറങ്ങിയ 'സനം ബേവഫ' എന്ന ചിത്രം വമ്പൻ ഹിറ്റായതോടെ ചാന്ദ്‌നി എന്ന നവോദിത ശർമ്മ ഒറ്റരാത്രികൊണ്ട് താരമായി മാറിയിരുന്നു. നെപ്പോകിഡുകൾ അരങ്ങ് വാഴുന്ന ബോളിവുഡിൽ പത്രപ്പരസ്യം കണ്ടാണ് ഡൽഹി സ്വദേശിനിയായ നവോദിത ഓഡിഷന് എത്തിയത്. ആയിരക്കണക്കിന് പേരിൽ നിന്നാണ് ചാന്ദ്നിയെ തെരഞ്ഞെടുത്തത്. ആദ്യ ചിത്രം തന്നെ ഹിറ്റായി, ചാന്ദ്നിയെ തേടി അവസരങ്ങൾ ഒഴുകിയെത്തി. എന്നാൽ കരിയറിന്റെ തുടക്കത്തിൽ തന്നെ സംവിധായകൻ സാവൻ കുമാർ തക്കുമായി ഒപ്പിട്ട മൂന്ന് വർഷത്തെ കരാർ താരത്തിന് വിനയാവുകയായിരുന്നു.

ഈ കരാർ പ്രകാരം മൂന്ന് വർഷത്തേക്ക് മറ്റ് നിർമാതാക്കളുടെ സിനിമകളിൽ അഭിനയിക്കാൻ ചാന്ദ്‌നിക്ക് അനുവാദമില്ലായിരുന്നു. എന്നാൽ ഈ കാലയളവിൽ സാവൻ കുമാർ താരത്തെ വെച്ച് പുതിയ സിനിമകളൊന്നും ചെയ്തതുമില്ല. ഇതോടെ വലിയ പ്രൊജക്റ്റുകൾ തേടിയെത്തിയെങ്കിലും ചാന്ദ്‌നിക്ക് അവയൊന്നും സ്വീകരിക്കാൻ കഴിഞ്ഞില്ല. കരാർ അവസാനിച്ചപ്പോഴേക്കും ബോളിവുഡിലെ പുതിയ താരോദയങ്ങൾ ചാന്ദ്‌നിയുടെ ഇടം കൈക്കലാക്കിയിരുന്നു. പിന്നീട് അക്ഷയ് കുമാർ, അനിൽ കപൂർ എന്നിവർക്കൊപ്പം ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സനം ബേവഫ നൽകിയ പോലൊരു വലിയ ബ്രേക്ക് താരത്തിന് ലഭിച്ചില്ല.

​ബോളിവുഡിൽ ഇനി തന്‍റെ കരിയർ മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെ താരം സിനിമാ ലോകത്തോട് വിടപറഞ്ഞു. അമേരിക്കൻ വ്യവസായിയായ സതീഷ് ശർമ്മയെ വിവാഹം കഴിച്ച നവോദിത ഇപ്പോൾ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ താമസിച്ച് വരികയാണ്. അവിടെ 'സി സ്റ്റുഡിയോസ്' (C Studios) എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്ന താരം അമേരിക്കയിലെ പ്രശസ്തമായ എൻ.ബി.എ ടീമായ 'ഒർലാൻഡോ മാജിക്' (Orlando Magic) ഉൾപ്പെടെയുള്ളവരുമായി ചേർന്ന് സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ബോളിവുഡിലെ നഷ്ടപ്പെട്ട സ്വപ്നങ്ങളെ മറികടന്ന്, പുതിയൊരു രാജ്യത്ത് നൃത്തത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്തിരിക്കുകയാണ് നവോദിത. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News