രണ്ടര കോടി രൂപ പ്രതിഫലം പറ്റിയിട്ടും പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന് നിര്‍മാതാവ്; കുഞ്ചാക്കോ ബോബനെ പോസ്റ്ററിൽ നിന്നു മാറ്റി പദ്മിനി ടീം

പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടൻ സീറോ ടിവി അഭിമുഖങ്ങളാണ് നൽകിയിരിക്കുന്നത്

Update: 2023-07-15 07:53 GMT
Editor : Jaisy Thomas | By : Web Desk

പദ്മിനിയുടെ പുതിയ പോസ്റ്റര്‍

Advertising

നടന്‍ കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി പദ്മിനി സിനിമയുടെ നിര്‍മാതാവ് സുവിന്‍ വര്‍ക്കി. ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നായകൻ കുഞ്ചാക്കോ ബോബന്‍റെ ഭാഗത്ത് നിന്നു യാതൊരു സഹകരണവും ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കളുടെ ആരോപണം. പദ്മിനിയുടെ നിർമ്മാതാക്കളിൽ ഒരാളായ സുവിൻ കെ വർക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം പങ്ക് വച്ചിരിക്കുന്ന പദ്മിനിയുടെ പോസ്റ്ററിൽ താരത്തിന്‍റെ ചിത്രം കറുപ്പിച്ചിട്ടുമുണ്ട്.

സുവിന്‍റെ കുറിപ്പ് ഇങ്ങനെ

പദ്മിനിയെ ഹൃദയത്തോട് ചേർത്തു പിടിച്ചതിന് എല്ലാവർക്കും നന്ദി. പോസിറ്റീവ് പ്രതികരണങ്ങളും അവലോകനങ്ങളും മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് മനസ് നിറയ്ക്കുന്നു. അപ്പോഴും സിനിമയുടെ പ്രമോഷന്റെ കുറവിനെ കുറിച്ച് പലരും ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കുറച്ചു കാര്യങ്ങൾ എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. പറയാൻ തുടങ്ങും മുമ്പ് ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു. പദ്മിനി ഞങ്ങൾക്ക് ലാഭകരമായ ഒരു പ്രോജക്റ്റ് തന്നെയാണ്. അതിന് ഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച കാര്യക്ഷമതയുള്ള പ്രൊഡക്ഷൻ ടീമിന് നന്ദി പറയുന്നു, സെന്നയ്ക്കും ശ്രീരാജിനും 7 ദിവസം മുമ്പ് സിനിമ പൂർത്തിയാക്കിയ മുഴുവൻ അണിയറപ്രവർത്തകർക്കും അകമഴിഞ്ഞ സ്നേഹം രേഖപ്പെടുത്തുന്നു.

എന്നാൽ ഒരു നിർമ്മാതാവ് എന്ന നിലയിലും ഉള്ളടക്ക സൃഷ്ടാവ് എന്ന നിലയിലും തീയേറ്റർ പ്രതികരണമാണ് എനിക്ക് പ്രധാനം, അവിടെയാണ് തിയേറ്ററുകളിലേക്ക് ആളുകളെ കയറ്റാൻ ഒരു പ്രധാന നായകൻ നടന്റെ ആവശ്യം ഞങ്ങൾക്ക് വന്നത്. പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടൻ സീറോ ടിവി അഭിമുഖങ്ങളാണ് നൽകിയിരിക്കുന്നത്, സിനിമയുമായി ബന്ധപ്പെട്ട ഒരു ടിവി പ്രോഗ്രാമിൽ പോലും നടൻ പങ്കെടുത്തിട്ടില്ല. സിനിമയുടെ റോ ഫൂട്ടേജ് കണ്ട കുഞ്ചാക്കോ ബോബന്റെ ഭാര്യ മൂലമാണ് നിലവിൽ ഞങ്ങൾ പ്ലാൻ ചെയ്ത സകല പരിപാടികളും  പ്രൊമോഷൻ പ്ലാനും ചാർട്ടും നിരസിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ അവസാന 2-3 നിർമ്മാതാക്കൾക്ക് സംഭവിച്ച അതേ ഗതി തന്നെ ആണ് ഇപ്പോൾ പദ്മിനിയ്ക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് ആരെങ്കിലും ഇതിനെതിരെ സംസാരിക്കണം എന്നെനിക്ക് തോന്നി, അതുകൊണ്ട് ഞാൻ ഇതെല്ലം തുറന്നു പറയുകയാണ്.

ഈ നടൻ സഹനിർമ്മാതാവായ ഒരു സിനിമയ്ക്ക് ഒരിക്കലും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടവില്ല. അപ്പോൾ അയാൾ എല്ലാ ടിവി അഭിമുഖങ്ങളിലും ഇരിക്കും, എല്ലാ ടിവി ഷോകളിലും അതിഥിയായി പോകും. എന്നാൽ മറ്റു സിനിമകളിലേക്ക് വരുമ്പോൾ അദ്ദേഹം പ്രമോഷൻ കാര്യങ്ങളെക്കുറിച്ചു ശ്രദ്ധിക്കുന്നേയില്ല. തിയേറ്ററുകൾ ഇത്രത്തോളം പ്രതിസന്ധി നേരിടുന്ന കാലത്ത് പ്രമോഷന് പോകാതിരുന്നത് അത് സിനിമകളെ ബാധിക്കും എന്ന് അദ്ദേഹത്തിന് അറിയാവുന്നതാണ്. 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി രൂപ വാങ്ങിയ നടന് സിനിമയുടെ പ്രമോഷനെക്കാൾ രസകരമായിരിക്കും യൂറോപ്പിൽ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് പോകുന്നത്.

സിനിമകൾക്ക് വേണ്ടത്ര പ്രതികരണങ്ങൾ ലഭിക്കാത്തതിൽ എക്സിബിറ്റർമാർ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത്, എന്തുകൊണ്ട് സിനിമകൾക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്. അഭിനേതാക്കൾക്ക് അവർ ഇടപെടുന്ന ഉൽപ്പന്നം മാർക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും ഉണ്ട്. ഒരു വർഷത്തിൽ പുറത്തിറങ്ങുന്ന 200+ സിനിമകളിൽ നിങ്ങളുടെ സിനിമ കാണാൻ പ്രേക്ഷകരെ ആകർഷിക്കേണ്ടതുണ്ട്. പ്രമോഷൻ ഒരിക്കലും നിസ്സാരമായി കാണരുത്. ഇന്നത്തെ കാലത്ത് ഇത് അനിവാര്യമാണ്. സൂപ്പർ താരങ്ങൾ പോലും പ്രമോഷന് പങ്കെടുക്കാൻ സമയം കണ്ടെത്താറുണ്ട്. നിങ്ങളുടെ നിലനിൽപ്പ് പ്രേക്ഷകരുടെ വിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് കാഴ്ചക്കാരെ നിസ്സാരമായി കാണരുത്. എല്ലാത്തിനുമുപരി, ഉള്ളടക്കം എല്ലായ്പ്പോഴും വിജയിക്കുന്നു, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് സിനിമയുടെ മാന്ത്രികത.

PS: നടന് അനുകൂലമായി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ നിർമാതാവിന്‍റെ സുഹൃത്തുക്കൾക്ക് പ്രത്യേക നന്ദി.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News