മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ ഇനിയില്ല; നടൻ മിഗ്‌ദാദ് അന്തരിച്ചു

സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ സിനിമയിലെ രാജന്‍പിള്ള എന്ന ഗുസ്തിക്കാരന്‍റെ വേഷം മിഗ്ദാദിനെ പ്രശസ്തനാക്കി

Update: 2022-11-23 16:22 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബാൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു അന്ത്യം.

1952 ഏപ്രിൽ 3 ന് അലിക്കുഞ്ഞ്-ഹാജിറുമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കുട്ടിക്കാലത്ത് അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന മിഗ്ദാദ് വർക്കല എസ്.എൻ കോളജിലും പത്തനംതിട്ട കോളേജിലുമാണ് പഠിച്ചത്. പഠിക്കുമ്പോൾ തന്നെ നാടകാഭിനയത്തിൽ സജീവമാവുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഗാനരചയിതാവ് ആയ ചുനക്കര രാമൻകുട്ടിയാണ് മിഗ്ദാദിനെ സിനിമാ രംഗത്ത് എത്തിച്ചത്. 1982ല്‍ എം മണി നിർമിച്ച 'ആ ദിവസം' എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയ രംഗത്തെത്തുന്നത്. സിനിമയിലെ ഭീകര നാൽവർ സംഘത്തിലെ ഒരാളായി മിഗ്ദാദ് ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ സിനിമയിലെ രാജന്‍പിള്ള എന്ന ഗുസ്തിക്കാരന്‍റെ വേഷം മിഗ്ദാദിനെ പ്രശസ്തനാക്കി.

ആനയ്ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്‌പീക്കിങ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു. 2010ൽ പോസ്‌റ്റൽ ആൻഡ് ടെലഗ്രാഫ് വകുപ്പിൽനിന്ന് വിരമിച്ചു. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്നിൽ എവിആർഎ 12- X ആയിരുന്നു താമസം. കബറടക്കം രാവിലെ 11.30ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: റഫീക്ക മിഗ്ദാദ്. മക്കൾ: മിറ മിഗ്ദാദ്, റമ്മി മിഗ്ദാദ്. മരുമക്കൾ: സുനിത് സിയാ, ഷിബിൽ മുഹമ്മദ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News