ആദ്യമായാണ് ഒരു മേയർ 'രാജുവേട്ടാ' എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്: പൃഥ്വിരാജ്

'തിരുവനന്തപുരത്ത് വരുമ്പോഴാണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നത്'

Update: 2022-08-23 05:19 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നതെന്ന് നടൻ പൃഥ്വിരാജ്. അപ്പോൾ തന്നെ പരിപാടിയിൽ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയും ചെയ്‌തെന്ന് പൃഥ്വിരാജ് പറഞ്ഞു. കിഴക്കേക്കോട്ടയിലെ കാൽനട മേൽപ്പാലത്തിലെ സെൽഫി പോയിന്റ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ അധ്യക്ഷയായ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ 'രാജുവേട്ടൻ' എന്ന് വിളിച്ചാണ് പൃഥ്വിരാജിനെ വേദിയിലേക്ക് ക്ഷണിച്ചത്.

'എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങൾ ജനിച്ച നാട്ടിൽ പരിപാടിയ്ക്ക് പോകുമ്പോൾ സ്ഥിരം പറയുന്നതാണ് ജനിച്ച നാട്ടിൽ വരുമ്പോളുള്ള സന്തോഷം എന്ന്. ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ് നടക്കുന്നത്.  ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ ഞങ്ങളൊക്കെ നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു ചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം'. എന്നെ സംബന്ധിച്ച് ഇതാണ് യഥാർഥത്തിലുള്ള സന്തോഷം. പൃഥ്വിരാജ് പറഞ്ഞു.

Advertising
Advertising

'ഒരുപാട് നാളുകൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. യാദൃച്ഛികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. ഒരുപാട് വലിയ വ്യക്തിത്വങ്ങൾ ജനിച്ചു വളർന്ന നാടാണിത്. അവരുടെ സ്മരണയിൽ ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കിയ ഈ ഐഡിയേഷൻ ടീമിന് ഞാൻ ആദ്യമേ അഭിനന്ദനം അറിയിക്കുന്നു. തിരുവനന്തപുരത്ത് ജനിച്ച് വളർന്ന്, സിനിമ കൊച്ചിയിൽ സജീവമായപ്പോൾ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷേ തിരുവനന്തപുരത്ത് വരുമ്പോൾ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

കേരളത്തിലെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിലേത്.104 മീറ്റർ നീളമുള്ള മേൽപ്പാലം നാടിന് സമർപ്പിക്കുന്നത് കാണാൻ ആയിരക്കണക്കിന് പേരാണ് കിഴക്കേകോട്ടയിലെത്തിയത്.കാൽനട മേൽ പാലം ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്.മേയർ ആര്യാരാജേന്ദ്രന് പുറമെ മന്ത്രി ജി.ആർ അനിൽ എ.എ റഹീം എം.പി ഉൾപ്പടെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News