പുഷ്പ ഫയറാകു​ന്നോ? 1000 കോടി ക്ലബിലേക്ക് കുതിച്ച് അല്ലു അർജുൻ ചിത്രം

തിങ്കളാഴ്ച കളക്ഷനിൽ ഇടിവ് സംഭവിച്ചെങ്കിലും ഈ ആഴ്ച തന്നെ 1000 കോടി ക്ലബിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ

Update: 2024-12-10 08:55 GMT
Editor : സനു ഹദീബ | By : Web Desk

കൊച്ചി: തിയേറ്ററുകളിൽ കുതിപ്പ് തുടർന്ന് അല്ലു അർജുൻ ചിത്രം പുഷ്പ-2 ദ റൂൾ. ഈ ആഴ്ച തന്നെ ചിത്രം 1000 കോടി ക്ലബിലെത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. റിലീസിന്റെ അഞ്ചാം ദിവസമായ ഇന്നലെ ബോക്സ് ഓഫീസിൽ ചിത്രം വലിയ തളർച്ച നേരിട്ടിരുന്നു. 55% കളക്ഷൻ ഇടിവ് സംഭവിച്ചെങ്കിലും ആ​ഗോള ബോക്സ് ഓഫീസിൽ 900 കോടി കടക്കാൻ ചിത്രത്തിനായിട്ടുണ്ട്.

ആദ്യ ദിവസം തന്നെ 294 കോടി നേടിക്കൊണ്ടാണ് പുഷ്പ-2 ദ റൂൾ ബോക്സ് ഓഫീസിലേക്ക് വരവറിയിച്ചത്. ശനി, ഞായർ ദിവസങ്ങളിലും ചിത്രം 100 കോടിക്കു മുകളിൽ നേടിയിരുന്നു. ഇതുവരെ ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്തത്ര കളക്ഷൻ പുഷ്പ-2 നേടുമെന്നും വിലയിരുത്തലുകളുണ്ട്. ചിത്രം തെലുങ്കിനേക്കാൾ കൂടുതൽ പണം വാരിയത് ഹിന്ദി പതിപ്പിലാണെന്നത് ശ്രദ്ധേയമാണ്. ഒരു ഹിന്ദി സിനിമക്കും നേടാൻ കഴിയാത്ത കളക്ഷനാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത്.

Advertising
Advertising

ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ കൽകി 2898 എ.ഡി ആദ്യ ആഴ്ച നേടിയ 494.5 കോടി, പുഷ്പ-2 നാല് ദിവസം കൊണ്ട് മറികടന്നിരുന്നു. 500 കോടി കളക്ഷൻ ആണ് ചിത്രം ആദ്യ ആഴ്ച നേടിയത്. 900 കോടിയിലേക്കെത്തിയതോടെ സ്ത്രീ -2 വിന്റെ 874.58 കോടിയുടെ ആ​ഗോള കളക്ഷനും പുഷ്പ-2 മറികടന്നു. ചിത്രത്തിന്റെ ആദ്യ ഭാ​ഗം നേടിയ 350 കോടി രണ്ട് ദിവസം കൊണ്ടാണ് പുഷ്പ-2 മറികടന്നത്.

ഡിസംബർ 5നാണ് പുഷ്പ- ദ റൂൾ റിലീസ് ചെയ്തത്. മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ചിത്രത്തിന്റെ രചന, സംവിധാനം നിർവഹിച്ചത് സുകുമാറാണ്. അല്ലു അർജുന് പുറമെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News