'പുഴ മുതല്‍ പുഴ വരെ'യുടെ സംവിധായകന്‍ ഇനി രാമസിംഹന്‍, നിര്‍മാണം അലി അക്ബര്‍

രാഷ്ട്രീയപരമായി ബി.ജെ.പിയില്‍ തന്നെ തുടരുമെന്ന് അലി അക്ബര്‍

Update: 2021-12-12 08:12 GMT
Editor : ijas

ഇസ്‍ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തില്‍ ചേര്‍ന്ന് പുതിയ പേര് സ്വീകരിച്ച സംവിധായകന്‍ അലി അക്ബര്‍ തന്‍റെ പുതിയ സിനിമയുടെ അണിയറ വിവരങ്ങള്‍ പുറത്തുവിട്ടു. മലബാര്‍ സമരത്തിന്‍റെ പശ്ചാത്തലത്തിലൊരുക്കുന്ന 'പുഴ മുതല്‍ പുഴ വരെ'യിലെ മാറിയ പേര് വിവരങ്ങളാണ് അലി അക്ബര്‍ പുറത്തുവിട്ടത്.

സംവിധായകന്‍റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹന്‍ എന്ന പേരാകും നല്‍കുകയെന്ന് പറഞ്ഞ അദ്ദേഹം നിര്‍മാതാവിന്‍റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് തന്നെ നല്‍കുമെന്നും വ്യക്തമാക്കി. അലി അക്ബര്‍ എന്ന പേരിലേക്കാണ് സിനിമക്കാവശ്യമായ പണം വന്നതെന്നും അവരോടുള്ള ബാധ്യത കാരണമാണ് അലി അക്ബര്‍ എന്ന പേര് ആ ടൈറ്റിലിന് നേരെ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി ബി.ജെ.പിയില്‍ തന്നെ തുടരുമെന്നും അലി അക്ബര്‍ വ്യക്തമാക്കി.

Advertising
Advertising

ഹിന്ദു മതത്തില്‍ ചേര്‍ന്നതില്‍ പിന്നെ ഏത് ജാതിയിലായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ അലി അക്ബറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു:

"ഞാന്‍ ശൂദ്രനാണ്. ഹൈന്ദവ വര്‍ണം എന്ന് പറയുന്നത് ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ്. ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സേവനമാണ്, ആ സേവനം എന്ന് പറയുന്നത് ശൂദ്ര കര്‍മ്മമാണ്. നമ്മളുടെ സമയത്തിന് അനുസരിച്ച് ഞാന്‍ ക്ഷത്രിയനുമാണ്. ഞാന്‍ നല്ല പോരാട്ടക്കാരനുമാണ്. ഭഗവാന്‍ കൃഷ്ണന് എന്തായിരുന്നു ആദ്യത്തെ ജോലി. അദ്ദേഹം ആട്ടിടയനായിരുന്നു, അവിടെ ശൂദ്രനായിരുന്നു. അതെ സമയം തന്നെ അര്‍ജുനന് ഉപദേശം കൊടുക്കാറുണ്ടായിരുന്നു, അപ്പോള്‍ ആരായി? ബ്രാഹ്മണനായില്ലേ. അതെ സമയത്ത് നന്നായി ആയുധമെടുക്കുന്നുണ്ട്. ആരായി ക്ഷത്രിയനായില്ലേ. കര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ് വര്‍ണ്ണം നിശ്ചയിക്കുന്നത്. ജാതി-മതം എന്നിവയെല്ലാം കുലങ്ങളാണ്.''

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അലി അക്ബര്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ലഭിച്ചത്.

'വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകന്‍ അലി അക്ബര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News