'മാൽപൊരിയും ക്വാണ്ടം ഫിസിക്‌സ് പുസ്തകങ്ങളുമായി ഇവിടെ കാത്തിരിക്കുന്നു'; സുശാന്തിന്റെ വിയോഗവാര്‍ഷികത്തില്‍ ഓർമപ്പൂക്കളുമായി റിയ ചക്രവർത്തി

സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിന് ഇന്ന് ഒരു വർഷം പിന്നിടുകയാണ്

Update: 2021-06-14 12:40 GMT
Editor : Shaheer | By : Web Desk

കഴിഞ്ഞ വർഷം ഇതേദിവസമാണ് ചലച്ചിത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് സുശാന്ത് സിങ് രജ്പുത് സ്വയം ജീവിതം അവസാനിപ്പിക്കുന്നത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരുപാട് വിവാദ പരമ്പരകളിലേക്കും നിയമവ്യവഹാരങ്ങളിലേക്കുമായിരുന്നു സുശാന്തിന്റെ അപ്രതീക്ഷിത ആത്മാഹുതി നയിച്ചത്. സംഭവത്തിൽ 'വിവാദ നായിക'യുടെ റോളിലുണ്ടായിരുന്നത് നടന്റെ കാമുകിയായിരുന്ന നടി റിയ ചക്രവർത്തിയാണ്.

സുശാന്തിന്റെ അകാലവിയോഗത്തിന് ഒരു വർഷം പിന്നിടുമ്പോൾ പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ ഒറ്റപ്പെട്ടുപോയ കാലത്തെ ഓർത്തെടുക്കുകയാണ് റിയ. വികാരഭരിതമായ പോസ്റ്റാണ് താരം ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സുശാന്തില്ലാത്തൊരു ജീവിതം തനിക്കില്ലെന്നാണ് റിയ കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്. ഓരോ ദിവസവും നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും അവർ പറയുന്നു.

Advertising
Advertising

''നീ ഇവിടെത്തന്നെയുണ്ടെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എല്ലാവരും പറയുന്നത് സമയമെടുത്ത് എല്ലാം ശരിയാകുമെന്നാണ്. എന്നാൽ, നീയായിരുന്നു എന്റെ സമയം. നീയാണ് എന്റെയെല്ലാം. എന്റെ രക്ഷകനായ മാലാഖയാണ് നീയെന്ന് എനിക്കറിയാം. ചന്ദ്രനിൽനിന്ന് ടെലെസ്‌കോപ്പ് വച്ച് നിരീക്ഷിച്ചുകൊണ്ട് എനിക്ക് കരുതൽ തീർത്തുകൊണ്ടിരിക്കുകയാണ് നീ. എന്നെ കൂടെക്കൂട്ടാൻ നീ വരുന്നത് കാത്തിരിക്കുകയാണ് ഓരോ ദിവസവും ഞാൻ. എല്ലായിടത്തും നിന്നെ തിരഞ്ഞുകൊണ്ടിരിക്കുന്നു. എനിക്കറിയാം നീ എന്റെകൂടെ ഇവിടെയൊക്കെത്തന്നെയുണ്ടെന്ന്.''കുറിപ്പിൽ റിയ പങ്കുവച്ചു.

''നീയില്ലാതൊരു ജീവിതമില്ല. ജീവിതത്തിന്റെ അർത്ഥം തന്നെയാണ് നീ കൂടെക്കൊണ്ടുപോയിരിക്കുന്നത്. ഈ വിടവ് നീയില്ലാതെ നികത്താനാകില്ല. എന്നും നിനക്കുവേണ്ടി മാൽപ്പൊരി കൊണ്ടുത്തരാം. ലോകത്തുള്ള എല്ലാ ക്വാണ്ടം ഫിസിക്‌സ് പുസ്തകങ്ങളും നിനക്കുവേണ്ടി വായിച്ചുകേൾപ്പിക്കാം. ദയവായി, ഒന്നു തിരിച്ചുവരൂ...'' റിയ കൂട്ടിച്ചേർത്തു.

2020 ജൂൺ 14നാണ് മുംബൈയിലെ വീട്ടിൽ സുശാന്ത് സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മരണം അന്വേഷിച്ച സിബിഐ സംഘം റിയ ചക്രവർത്തിയെയും നടിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. സുശാന്തുമായി ബന്ധപ്പെട്ട മറ്റൊരു മയക്കുമരുന്ന് കേസിൽ റിയയെയും സഹോദരൻ ഷോവിക്കിനെയും നാർക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്യുകയുമുണ്ടായി. രണ്ടുപേരും നിലവിൽ ജാമ്യത്തിലാണുള്ളത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News