'ചേട്ടാ അത് ഫേക്ക് ന്യൂസ് ആണ്! ആരോ ഒരുത്തൻ പടച്ചുവിട്ട വാർത്ത'; കാന്താരയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളിൽ ഋഷഭ് ഷെട്ടി
മലയാളി പ്രേക്ഷകർക്കിടയിൽ തൻറെ ചിത്രങ്ങൾക്ക് കിട്ടുന്ന ജനപ്രീതിയിൽ ഷെട്ടി വളരെയേറെ സംതൃപ്തിയും പ്രകടിപ്പിച്ചു
കൊച്ചി: കാന്താര ചാപ്റ്റർ 1 ന്‍റെ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റ് കൊച്ചി ഫോറം മാളിൽ നടന്നു. ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി, സിനിമാറ്റോഗ്രാഫർ അർവിന്ദ് കശ്യപ്, കളറിസ്റ് രമേശ് സിപി, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ എന്നിവർക്കൊപ്പം വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ പ്രതിനിധീകരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പ്രസ് മീറ്റിന്‍റെ ഭാഗമായി.
കാന്താരയുടെ ആദ്യഭാഗം മുതൽ എടുത്തിട്ടുള്ള പരിശ്രമങ്ങളെയും അതിനായി നടത്തിയിട്ടുള്ള ദൈർഘ്യമേറിയ റിസേർച്ചുകളെ പറ്റിയും സംസാരിച്ച ഋഷഭ് ഷെട്ടി, മലയാളി പ്രേക്ഷകർക്കിടയിൽ തൻറെ ചിത്രങ്ങൾക്ക് കിട്ടുന്ന ജനപ്രീതിയിൽ വളരെയേറെ സംതൃപ്തിയും പ്രകടിപ്പിച്ചു. കാന്താര ചാപ്റ്റർ 1-നെ ക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ട തെറ്റായ വാർത്തകളെ വളരെ സരസമായി തള്ളിക്കളയാനും അദ്ദേഹം മറന്നില്ല. ''ചേട്ടാ അത് ഫേക്ക് ന്യൂസ് ആണ്! ആരോ ഒരുത്തൻ പടച്ചുവിട്ട വാർത്ത, ഇപ്പോൾ അത് വലിയ ചർച്ചയായി. കാന്താരയുടെ പോസ്റ്റർ തന്നെ വച്ചാണ് സോഷ്യൽ മീഡിയിൽ പേജ് തന്നെ ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും ഋഷഭ് പറയുന്നു. അത് മോശമാണോ നല്ലതാണോ എന്ന് നിങ്ങൾ ആണ് തെരഞ്ഞെടുക്കേണ്ടത്'' ഋഷഭ് പറഞ്ഞു.
രണ്ടാം ഭാഗത്തിന് 1000 കോടി ക്ലബ് എന്ന ബോക്സ് ഓഫീസ് പ്രഷർ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ബോക്സ് ഓഫീസ് പ്രഷർ ഇല്ല മറിച്ച് മനസ് നിറഞ്ഞ് ഈ ചിത്രത്തെ സ്വീകരിക്കുന്ന ഒരു ഓഡിയൻസ് ക്ലബ് ആണ് പ്രതീക്ഷിക്കുന്നത് എന്ന ഒരു മികച്ച ഉത്തരം ആണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. കാന്താരയുടെ ആദ്യഭാഗം മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുപോലെ തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
സെപ്റ്റംബർ 22-ന് റിലീസ് ചെയ്ത കാന്താര ചാപ്റ്റർ 1-ൻറെ ട്രെയിലർ യൂട്യൂബ്, ഫേസ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതുവരെ കണ്ടത് 160 മില്യണിൽപരം ആളുകളാണ്. കൂടാതെ 1.3 മില്യണിലധികം ഷെയറുകളും വന്നതിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ തവണ ഷെയർ ചെയ്യപ്പെട്ട ട്രെയ്‌ലർ എന്ന റെക്കോർഡും കാന്താര ചാപ്റ്റർ 1 സ്വന്തമാക്കി. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്റ്റർ 1 പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. മൂന്ന് വർഷമെടുത്ത്, 125 കോടി ബഡ്ജറ്റിന്‍റെ വമ്പൻ ഫ്രെമിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു 1000 കോടി കലക്ഷൻ നേടുമെന്നാണ് സിനിമ ഇൻഡസ്ട്രി ഒട്ടാകെ പ്രതീക്ഷിക്കുന്നത്. പിആർഒ: നിയാസ് നൗഷാദ്, മാർക്കറ്റിംഗ് - ക്യാറ്റലിസ്റ്റ്