കണ്ടിട്ടുണ്ടോ എന്നായിരിക്കില്ല, എത്ര തവണ കണ്ടുവെന്നായിരിക്കും കിലുക്കം എന്ന ചിത്രത്തെക്കുറിച്ച് മലയാളികൾ ചോദിക്കുന്ന ചോദ്യം. കാരണം ഇത്രയധികം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചൊരു ചിത്രം വേറെയുണ്ടാകില്ല. ഇപ്പോഴും റിപ്പീറ്റഡ് വാല്യുവുള്ള ചിത്രം. മോഹൻലാലും രേവതിയും ജഗതിയും ഇന്നസെന്‍റും തിലകനുമെല്ലാം തകര്‍ത്ത് അഭിനയിച്ച ചിത്രം. കിലുക്കത്തിലെ രേവതിയുടെ പ്രകടനം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഹിറ്റ് ചിത്രത്തിലെ നായികയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ഒരു പിന്നാമ്പുറക്കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രേവതി അല്ലാതെ മറ്റൊരാളെ നന്ദിനിയായി സങ്കൽപിക്കാൻ പറ്റുമോ? ഇല്ല അല്ലേ...എന്നാൽ രേവതിയായിരുന്നില്ല പ്രിയദര്‍ശന്‍റെ ആദ്യ ചോയ്സ്.
80-90 കാലഘട്ടത്തിൽ തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു അമല. അമലയെയായിരുന്നു കിലുക്കത്തിൽ ആദ്യം മോഹൻലാലിന്‍റെ നായികയായി കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഈ വേഷം രേവതിയിലേക്ക് എത്തുകയായിരുന്നു. ഇത്തരത്തിൽ രണ്ട് മോഹൻലാൽ ചിത്രങ്ങളിലെ നായികയെ മാറ്റി ഹിറ്റടിച്ചിരുന്നു. കിലുക്കത്തില്‍ നിന്നും അമലയെ മാറ്റിയെന്ന പഴയൊരു വാര്‍ത്തയുടെ പത്ര കട്ടിങ് പങ്കുവെക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്.
1991ൽ പുറത്തിറങ്ങിയ രണ്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു കിലുക്കവും ഉള്ളടക്കവും. ആഴ്ചകളുടെ വ്യത്യാസത്തിലാണ് ഇവ രണ്ടും തിയറ്ററുകളിലെത്തിയത്. കിലുക്കം സര്‍വകാല റെക്കോഡുകൾ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററായപ്പോൾ ഉള്ളടക്കം മോഹൻലാലിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും കമലിന് മികച്ച സംവിധായകനുള്ള പുരസ്കാരവും നേടിക്കൊടുത്തു. എന്നാൽ രസകരമെന്ന് പറയട്ടെ. രേവതിയെയായിരുന്നു ഉള്ളടക്കത്തിൽ അമല അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം നിശ്ചയിച്ചിരുന്നത്.
കിലുക്കത്തിൽ അഭിനയിക്കാൻ അമല സമ്മതിച്ചിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ചില വ്യക്തിപരമായ കാരണങ്ങളാൽ അവർക്ക് പിന്മാറേണ്ടി വന്നുയ ഇതോടെ ഷൂട്ടിങ് മുടങ്ങുമെന്നായി. തുടർന്ന് സംവിധായകൻ പ്രിയദർശൻ തിരിഞ്ഞത് മുമ്പ് താൻ നായികാ വേഷം വാഗ്ദാനം ചെയ്തിട്ടും 'ചിത്രം' എന്ന സിനിമ നിരസിച്ച രേവതിയിലേക്കായിരുന്നു. അങ്ങനെയാണ് രേവതി കിലുക്കത്തിലേക്ക് എത്തിയത്. രേവതിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി കിലുക്കം മാറുകയം ചെയ്തു. അതുപോലെ ജഗതിയുടെ കഥാപാത്രമായ നിശ്ചലിനെ അവതരിപ്പിക്കാൻ ആദ്യം തെരഞ്ഞെടുത്തത് ശ്രീനിവാസനെയായിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം അദ്ദേഹം പിന്മാറുകയായിരുന്നു.
കിലുക്കത്തിൽ സംഭവിച്ചതിന് സമാനമായി, ഉള്ളടക്കത്തിലെ പ്രധാന കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തത് രേവതിയെ ആയിരുന്നു. സംവിധായകൻ കമൽ രേവതിയെ ആയിരുന്നു മനസ്സിൽ കണ്ടിരുന്നത്. എന്നാൽ രേവതിക്ക് ഈ കഥാപാത്രത്തോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. കാരണം, മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരു കഥാപാത്രത്തെ (കിലുക്കത്തിലെ നന്ദിനി) തുടർച്ചയായി മോഹൻലാലിനൊപ്പം അവതരിപ്പിക്കുന്നത് ആവര്‍ത്തനവിരസമാകുമെന്ന് അവര്‍ കരുതി. തുടർന്ന്, ആ വേഷത്തിലേക്ക് അമല എത്തുകയായിരുന്നു.
ഇതിനെക്കുറിച്ച് കമൽ പറയുന്നത് ഇങ്ങനെ
“കിലുക്കത്തിൽ മാനസികാസ്വാസ്ഥ്യമുള്ള നന്ദിനി എന്ന കഥാപാത്രത്തെയാണ് രേവതി ആദ്യ പകുതിയിൽ അവതരിപ്പിക്കുന്നത്. അതേ സ്വഭാവത്തിലുള്ള ഒരു കഥാപാത്രത്തെ ഉള്ളടക്കത്തിലും തുടർച്ചയായി ചെയ്യുന്നത് ഒഴിവാക്കാൻ രേവതി തീരുമാനിച്ചു. ഇതേത്തുടർന്ന്, നിര്‍മാതാവ് സുരേഷ് ബാലാജിയാണ് അമലയുടെ പേര് നിർദ്ദേശിച്ചത്. ആ സമയത്ത് ഫാസിലിന്റെ 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിൽ അമല അഭിനയിച്ചു കഴിഞ്ഞിരുന്നു. പക്ഷെ റിലീസ് ചെയ്തിരുന്നില്ല.
കഥ കേട്ടപ്പോൾ അമല ഈ കഥാപാത്രം ചെയ്യാൻ അതീവ ആവേശഭരിതയായി. കഥാപാത്രത്തെ കൂടുതൽ മനസ്സിലാക്കുന്നതിനായി 'നോബഡീസ് ചൈൽഡ്' എന്ന ഒരു വിദേശ ഡോക്യുമെന്ററി (യഥാർത്ഥ രോഗി അഭിനയിച്ചത്) അമലയ്ക്ക് റെഫറൻസായി നൽകി.കഥാപാത്രത്തിനു വേണ്ടി ചുരുണ്ട മുടിയുള്ള രൂപം സ്വീകരിക്കുന്നതിനായി അമല വലിയ ആത്മാർത്ഥത കാണിച്ചു. ഷൂട്ട് ചെയ്യുന്നതിനിടയിൽ മുടി വീണ്ടും നീളുമ്പോൾ, ഒരു ദിവസം അവധിയെടുത്തു ചെന്നൈയിൽ പോയി വീണ്ടും മുടി കേൾ ചെയ്താണ് അവർ അഭിനയം പൂർത്തിയാക്കിയത്.