"ഞെട്ടിപ്പോയി..അഭിനേതാക്കൾക്ക് പോലും കാര്യം മനസിലാകുന്നില്ല"; പാർവതിക്കെതിരെ സന്ദീപ് റെഡ്ഡി വാങ്ക

'ജോക്കർ' അക്രമത്തെ മഹത്വവത്കരിക്കുന്നില്ലെന്നും 'കബീർ സിങ്' അത് ചെയ്യുന്നതായും അവരെപ്പോലുള്ള ഒരാൾക്ക് തോന്നുകയാണെങ്കിൽ, പൊതുജനങ്ങളിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാനാകുമെന്നാണ് സന്ദീപ് റെഡ്ഡി വാങ്ക ചോദിക്കുന്നത്.

Update: 2024-02-09 12:11 GMT
Advertising

നടി പാർവതി തിരുവോത്തിനെതിരെ വിമർശനവുമായി 'അനിമൽ' സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. തന്റെ മുൻചിത്രങ്ങളായ ‘കബീർ സിങ്‘, ‘അർജുൻ റെഡ്ഡി‘ എന്നിവയ്ക്കെതിരെ പാർവതി നടത്തിയ പരാമർശങ്ങൾക്കാണ് സംവിധായകൻ മറുപടി നൽകുന്നത്. പാർവതിയുടെ പരാമർശത്തിൽ താൻ ഞെട്ടിപ്പോയെന്നാണ് സന്ദീപ് വാങ്ക ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.  

'ജോക്കര്‍' എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും എന്നാല്‍ 'കബീര്‍ സിങ്' അതിനെ മഹത്വവല്‍ക്കരിക്കുന്നു എന്നായിരുന്നു പാർവതി നേരത്തേ നടത്തിയ പരാമർശം. "പ്രേക്ഷകർക്ക് ‘മഹത്വവൽക്കരണം’ എന്നാൽ എന്താണെന്ന് അറിയില്ല. നായകൻ സിനിമയുടെ ക്ലെെമാക്സിൽ അയാളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രഭാഷണം നടത്തണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കൾ പോലും ഇത് മനസ്സിലാക്കുന്നില്ല" സന്ദീപ് വാങ്ക പറഞ്ഞു.  

"മലയാളത്തിൽ ഒരു നടിയുണ്ടായിരുന്നു. അവരുടെ പേര് പാർവതി തിരുവോത്ത് എന്നാണെന്ന് തോന്നുന്നു. മുൻപ് ഇവർ നൽകിയ അഭിമുഖത്തിൽ ഹോളിവുഡ് ചിത്രമായ ജോക്കർ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് അവർ പറഞ്ഞിരുന്നു. പാര്‍വതിയുടെ വാക്കുകള്‍ കേട്ട് ഞാൻ ഞെട്ടിപ്പോയി. ഒരു പാട്ടിനു ചുവടു വച്ചു കൊണ്ട് ഗോവണിപ്പടിയിൽ ജോക്കർ നൃത്തം ചെയ്യുന്നുണ്ട്, അത് അക്രമത്തെ ആഘോഷിക്കുന്ന തരത്തിലുള്ള മഹത്വവല്‍ക്കരണമായി അവർക്ക് തോന്നുന്നില്ലേ"

അവർ മികച്ച അഭിനേതാവാണ്, ജോക്കർ അക്രമത്തെ മഹത്വവത്കരിക്കുന്നില്ലെങ്കിലും കബീർ സിങ് ചെയ്യുന്നതായി അവരെപ്പോലുള്ള ഒരാൾക്ക് തോന്നുകയാണെങ്കിൽ, പൊതുജനങ്ങളിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാനാകുമെന്നാണ് സന്ദീപ് റെഡ്ഡി വാങ്ക ചോദിക്കുന്നത്. 

2019ൽ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത റൗണ്ട് ടേബിളിലായിരുന്നു കബീർ സിങ്ങിനും അർജുൻ റെഡ്ഡിക്കുമെതിരെ പാർവതി തുറന്നടിച്ചത്. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണ്. എന്നാല്‍ ജോക്കറില്‍ വാക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപം തോന്നി. അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയലല്ല ആ കഥാപാത്രം എന്നായിരുന്നു പാര്‍വതി പറഞ്ഞത്. 

കബീർ സിങ് എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ചിത്രത്തിലെ വയലൻസും സ്ത്രീവിരുദ്ധതയും വൻ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പ്രമുഖരടക്കം നിരവധിപേർ ഇതിനോടകം വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News