സത്യന്‍ മാഷിന്‍റെ 'സമയനിഷ്ഠ' ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു: നടി ഷീല

സത്യന്‍മാഷ് ഓര്‍മ്മയായിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് ഷീല മനസു തുറക്കുന്നത്.

Update: 2021-06-14 11:15 GMT

മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വര നടനെ ആദരപൂര്‍വം ഓര്‍ക്കുകയാണ് നടി ഷീല. 

സിനിമയില്‍ മറ്റെന്തിനെക്കാളും വിലപിടിച്ചത് സമയമാണ്. സമയവും കാലവുമാണ് സിനിമയില്‍ പരമപ്രധാനം. സത്യന്‍മാഷിന്‍റെ സമയനിഷ്ഠ തന്നെയാണ് ഞാന്‍ മാഷില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം ഷീല പറയുന്നു. ഇന്ന് സിനിമയില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത്, എന്തിന് മൊബൈല്‍ ഫോണോ, വാഹനമോ പോലും ഇല്ലാത്ത സമയത്തായിരുന്നു സത്യന്‍മാഷ് തന്‍റെ സമയനിഷ്ഠയില്‍ ഉറച്ചുനിന്നിട്ടുള്ളത്.

Advertising
Advertising

എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യന്‍മാഷെത്തും. രാവിലെ ആറു മണിക്ക് സ്റ്റുഡിയോയില്‍ എത്തണമെന്ന് പറഞ്ഞാല്‍ കൃത്യം അഞ്ചരയ്ക്ക് തന്നെ എത്തിയിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും. സത്യന്‍ സാറിന്‍റെ മരണം വരെ ആ സമയനിഷ്ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും സമയത്തിന്‍റെ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല. 

ഞാന്‍ പലപ്പോഴും അദ്ദേഹത്തിനു മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ഈ സമയനിഷ്ഠയാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. മലയാള സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അത് തന്നെയാണെന്ന് ഷീല കൂട്ടിച്ചേര്‍ത്തു. ഇന്ന് സൗകര്യങ്ങളും അവസരങ്ങളും എല്ലാം ഉണ്ടായപ്പോള്‍ സമയത്തിന് മാത്രം വിലയില്ലാതായി. അരനൂറ്റാണ്ട് പിന്നിടുന്ന സത്യന്‍മാഷിന്‍റെ ഓര്‍മ്മയില്‍ ഇന്നുമെന്‍റെ മനസ്സ് അണയാതെ നില്‍ക്കുന്നത് അദ്ദേഹം സമയത്തിന് നല്‍കിയ വില തന്നെയാണ്- ഷീല പറഞ്ഞു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News