ബോളിവുഡിൽ വീണ്ടുമൊരു താരവിവാഹം; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാള്‍

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം

Update: 2023-02-05 16:36 GMT

വീണ്ടുമൊരു താരവിവാഹത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് സിനിമാലോകം. താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും ചൊവ്വാഴ്ച വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. നാളെയാണ് വിവാഹമെന്നായിരുന്നു വാർത്തകള്‍. എന്നാല്‍ വിവാഹം ഫെബ്രുവരി ഏഴിലേക്ക് മാറ്റിവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം. ശനിയാഴ്ച മുതൽ തന്നെ വിവാഹച്ചടങ്ങുകൾ ആരംഭിച്ചിരുന്നു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. സിനിമാരംഗത്തു നിന്നു രണ്ടു മൂന്നു പേരെ മാത്രമെ കിയാര വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. ജയ്സാൽമീറിലെ സൂര്യഗർഹ് ഹോട്ടൽ ദമ്പതികൾ ഏകദേശം 4 ദിവസത്തേക്കാണ് ബുക്ക് ചെയ്തിട്ടുള്ളത്. പരമ്പരാഗത രാജസ്ഥാനി വിഭവങ്ങളായിരിക്കും വിവാഹസത്ക്കാരത്തിലുണ്ടാവുക. നവദമ്പതികൾക്കായി ഡെസേർട്ട് സഫാരിയും ഒരുക്കിയിട്ടുണ്ട്.

Advertising
Advertising

പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരിക്കും വധൂവരൻമാർ വിവാഹത്തിന് ധരിക്കുക. ആദ്യം ഡൽഹിയിലും പിന്നീട് മുംബൈയിലുമായി രണ്ട് റിസപ്ഷനുകൾ നടക്കും. കുറച്ചു വർഷങ്ങളായി സിദ്ധാർഥും കിയാരയും പ്രണയത്തിലാണ്. എന്നാൽ ഇരുവരും ഇതിനെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും വിവാഹതിരായി എന്ന തരത്തിലുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു.

2020ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്.കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്ത പ്രോജക്ട്. നെറ്റ്ഫ്‌ലിക്‌സ് റിലീസായ മിഷൻ മജ്‌നു ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധയിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News