വമ്പൻ ചിത്രങ്ങളുമായി ശ്രീ ഗോകുലം മൂവീസ്; 'തങ്കലാനും ' 'കങ്കുവയും' കേരളത്തിലെത്തിക്കാൻ ഗോകുലം ഗോപാലൻ

വിക്രം വ്യത്യസ്ത വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നത്

Update: 2024-07-24 10:58 GMT
Editor : Lissy P | By : Web Desk

നടന്‍ വിക്രം നായകനാകുന്ന  'തങ്കലാനും' സൂര്യയുടെ 'കങ്കുവയും' കേരളത്തിൽ പ്രദർശനത്തിനെത്തിക്കാന്‍ ശ്രീ ഗോകുലം മൂവീസ്.  സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജ നിർമിക്കുന്ന വിക്രം - പാ രഞ്ജിത് ചിത്രമാണ് തങ്കലാന്‍. ഇതിന്‍റെയും സൂര്യ - ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ചിത്രങ്ങൾ കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുമെന്ന സൂചന ഔദ്യോഗികമായി പുറത്ത് വിട്ടത്. പൊന്നിയിൻ സെൽവന് ശേഷം വിക്രമിനൊപ്പം തങ്കലാനിലൂടെ വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിലും സൂര്യക്കൊപ്പം ആദ്യമായി കങ്കുവയിലൂടെ ഒന്നിക്കാൻ സാധിച്ചതില്‍ സന്തോഷമെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു. ഗോകുലം ഗോപാലന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച്, കഴിഞ്ഞ ദിവസം തങ്കലാൻ, കങ്കുവ എന്നിവയുടെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ആശംസകൾ നേർന്നിരുന്നു.

Advertising
Advertising

വിക്രം വ്യത്യസ്ത വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നത്. മാളവിക മോഹൻ, പശുപതി എന്നിവരാണ്  മറ്റ് പ്രധാന താരങ്ങൾ. ചിത്രം ആഗസ്റ്റ് 15ന് റിലീസ് ചെയ്യും. ജി വി പ്രകാശാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധായകൻ എസ് എസ് മൂർത്തിയും സംഘട്ടന സംവിധായകൻ സ്റ്റന്നർ സാമുമാണ്.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ- ശിവ ടീമിന്റെ കങ്കുവ. ഒക്ടോബർ 10ന്  38 ഭാഷകളില്‍ ചിത്രം തീയേറ്ററുകളിലെത്തും. 350 കോടിയാണ്  ചിത്രത്തിന്‍റെ ബജറ്റ്.   വമ്പൻ ഹിറ്റുകളായ  പൊന്നിയിൻ സെൽവൻ, ജയിലർ, ജവാൻ, ലിയോ, തുടങ്ങിയ അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. ശ്രീ ഗോകുലം മൂവീസ് പ്രദർശനത്തിനെത്തിച്ച മലയാള ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ജയസൂര്യ നായകനായി, അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന 'കത്തനാർ',  ദിലീപ് നായകനായി ഏത്തുന്ന 'ഭ ഭ ബ' യും നിർമിക്കുന്നത് ഗോകുലം മൂവീസാണ്.  ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ - ശബരി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News