'തുടക്കത്തിൽ കുറെയേറെ കഷ്ടപ്പെട്ടു, പക്ഷെ അവർ തോൽക്കാൻ തയ്യാറായിരുന്നില്ല'; കല്യാണിയെ കുറിച്ച് സുരഭി

'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിൽ കല്യാണിയെ ഡബ്ബ് ചെയ്യാൻ സഹായിച്ചത് സുരഭിയാണ്

Update: 2023-11-17 16:03 GMT
Advertising

കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി മനു സി.കുമാർ ഒരുക്കിയ ശേഷം മൈക്കിൽ ഫാത്തിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ മലപ്പുറത്തുകാരിയായ ഫാത്തിമ എന്ന ഫുട്‌ബോൾ കമന്റേറ്ററായാണ് കല്യാണിയെത്തിയത്. സിനിമ കണ്ടിറങ്ങിയ ആളുകളെല്ലാം കല്യാണിയുടെ മലപ്പുറം ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയെ വളരെയധികം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കഥാപാത്രത്തിനായി ഡബ്ബ് ചെയ്യാൻ കല്യാണിയെ സഹായിച്ച നടി സുരഭി ലക്ഷ്മി താരത്തിന്റെ പ്രയതനത്തെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.

കഥാപാത്രത്തിന്റെ പൂർണതക്കായി കല്യാണി ഏറെ കഷ്ടപ്പെട്ടു. മലബാർ സ്ലാങ്ങിൽ സംസാരിക്കാൻ സഹായിക്കണമെന്നു പറഞ്ഞ് കല്യാണി വിളിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയിരുന്നു. എന്നാൽ അസിസ്റ്റന്റ് ഡയറക്ടർമാരുടെ സഹായത്തോടെ മലയാളം പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വന്തമായി ഡബ്ബിങ് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്, എത്ര കഷ്ടപ്പെടാനും റെഡിയാണ് എന്നെല്ലാം കല്യാണി പറഞ്ഞപ്പോൾ സമ്മതം മൂളുകയായിരുന്നുവെന്ന് സുരഭി പറഞ്ഞു.

ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ ബ്രേക്കിനിടയിലാണ് കല്യാണിയെ സഹായിച്ചത്. തുടക്കത്തിൽ കുറെയേറെ കഷ്ടപ്പെട്ടു. എന്നാൽ കല്ല്യാണി തോൽക്കാൻ തയ്യാറായിരുന്നില്ല, മൂന്ന് നാല് ദിവസം കൊണ്ട് മലയാളവും മലബാറും പഠിച്ചെടുക്കുവാൻ അവർ കാണിച്ച കഠിനധ്വാനം തന്നെ അത്ഭുതപ്പെടുത്തി. ഡബ്ബിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ പിറ്റേ ദിവസം ചെയ്യാനുള്ള സീനുകൾ ഇരുന്ന് പഠിക്കും. പിറ്റേദിവസം ഡയലോഗുകൾ ചോദിച്ച് പ്രാക്ടീസ് ചെയ്യുമെന്നും സുരഭി കുറിപ്പിൽ പറഞ്ഞു.

ഒരു നടി എന്ന നിലക്ക് കല്യാണി ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. വളരെയധികം സന്തോഷം തോന്നുന്നുവെന്നും ഒരു നടി തന്റെ അതിർവരമ്പുകൾ പൊളിച്ചെറിഞ്ഞുകൊണ്ടിരിക്കണമെന്നും സുരഭി പറഞ്ഞു. കല്യാണിയുടെ ഡബ്ബിങ് സെഷന്റെ വീഡിയോയും ഫേസ്ബുക്ക് കുറിപ്പിനൊപ്പം സുരഭി പങ്കുവെച്ചിട്ടുണ്ട്.

Full View

ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിച്ചത്. ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധീഖ്, ഷാജു ശീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശീജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News