'ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ'; മോദിക്ക് ജന്മദിന ആശംസയുമായി ഷാരൂഖ് ഖാന്‍

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അമിതാഭ് ബച്ചൻ, അനുപം ഖേർ എന്നിവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു

Update: 2022-09-17 11:00 GMT
Editor : ijas

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. രാജ്യത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള സമർപ്പണം വളരെ വിലമതിക്കുന്നതായും എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെയെന്നും ഷാരൂഖ് ഖാന്‍ ആശംസിച്ചു. ജന്മദിനം ആസ്വദിക്കാന്‍ ഒരു ദിവസം അവധിയെടുക്കൂ എന്നും ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്താണ് ഷാരൂഖ് ഖാന്‍ ജന്മദിനം ആശംസ നേര്‍ന്നത്.

ഷാരൂഖ് ഖാന്‍റെ ട്വീറ്റ് :

'നമ്മുടെ രാജ്യത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമർപ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സർ. ജന്മദിനാശംസകൾ നരേന്ദ്ര മോദി'

Advertising
Advertising

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന 'പഠാന്‍' ആണ് ഷാരൂഖ് ഖാന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബ്രഹ്മാസ്ത്രയാണ് ഷാരൂഖ് ഖാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. രണ്‍ബീര്‍ കപ്പൂര്‍, ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ കാമിയോ റോളിലാണ് ഷാരൂഖ് ഖാന്‍ എത്തിയത്.

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അമിതാഭ് ബച്ചൻ, അനുപം ഖേർ, അനിൽ കപൂർ, അജയ് ദേവഗൺ, കരൺ ജോഹർ, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News