ഈ ഷാരൂഖ് ഖാൻ ചിത്രം മൂലം മുംബൈയിൽ നൂറുകണക്കിന് വിവാഹങ്ങൾ മാറ്റിവച്ചു; കാരണമിതാണ്...

പ്രശസ്ത സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലിയാണ് കേസിലെ പ്രതി

Update: 2025-03-13 02:32 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: ഒരു സിനിമാ ഷൂട്ടിംഗ് മൂലം നഗരത്തിലെ നൂറുകണക്കിന് വിവാഹങ്ങൾ മാറ്റിവയ്ക്കുക...അത്ഭുതം തോന്നുന്നുണ്ടാകുമല്ലേ? മുംബൈ പോലുള്ള തിരക്കേറിയ നഗരത്തിലെ വിവാഹ ബിസിനസിനെ യാണ് ഈ ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് സാരമായി ബാധിച്ചത്. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലിയാണ് കേസിലെ പ്രതി. 2001ലാണ് സംഭവം. ബന്‍സാലി-ഷാരൂഖ് ഖാൻ കൂട്ടുകെട്ടിലിറങ്ങിയ ക്ലാസിക് ചിത്രമായ ദേവദാസാണ് മെട്രോപോളിറ്റന്‍ നഗരത്തിലെ കല്യാണങ്ങൾ മുടക്കിയത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ഈയിടെ ഫ്രൈഡ ടാക്കീസിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവച്ചപ്പോഴാണ് ദേവദാസ് കല്യാണം മുടക്കിയ സംഭവം വെളിപ്പെടുത്തിയത്.

Advertising
Advertising

ശരത്ചന്ദ്ര ചതോപാധ്യായയുടെ വിഖ്യാതമായ ബംഗാളി നോവലായ ദേവദാസിനെ ആസ്പദമാക്കി ബൻസാലി ഒരുക്കിയ ചിത്രമാണ് ദേവദാസ്. ഷാരൂഖ് ഖാനാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഐശ്വര്യ റായിയും മാധുരി ദീക്ഷിതുമായിരുന്നു നായികമാര്‍. വലിയൊരു സെറ്റായിരുന്നു ദേവദാസിന്‍റേത്. ചന്ദ്രമുഖിയുടെ മുറിക്ക് വേണ്ടി മുംബൈയിൽ ഒരു കിലോമീറ്റര്‍ നീണ്ട വമ്പന്‍ സെറ്റാണ് ഇട്ടതെന്ന് പ്രധാൻ പറയുന്നു. ''എന്‍റെ സഹപ്രവര്‍ത്തകരോടൊപ്പം എങ്ങനെയാണ് സെറ്റ് നിര്‍മിക്കുന്നതെന്ന് കാണാൻ പോയിരുന്നു. ശരിക്കും അത്ഭുതപ്പെട്ടുപോയി. ഇതിലെങ്ങനെ ലൈറ്റ് സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുമായിരുന്നു ചിന്തിച്ചത്. തടാകക്കരയിൽ നിന്ന് ഞാൻ സെറ്റ് ഒന്ന് ചുറ്റിക്കറങ്ങി, എന്‍റെ സഹായിയോട് 100 വാട്ട് ബൾബ് വാങ്ങി ഏറ്റവും അറ്റത്ത് വയ്ക്കാൻ നിര്‍ദേശിച്ചു. അങ്ങനെയാണ് ഞങ്ങൾ സെറ്റ് പ്രകാശിപ്പിക്കാൻ തുടങ്ങിയത്. ആ സെറ്റിനായി മുംബൈയിൽ ലഭ്യമായ എല്ലാ ജനറേറ്ററുകളും ഞാൻ ഉപയോഗിച്ചു'' പ്രധാന ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവച്ചു.

ജനറേറ്റുകളുടെ അഭാവം മൂലം ആ സമയത്ത് നിരവധി വിവാഹങ്ങളാണ് മുംബൈയിൽ മാറ്റിവച്ചതെന്ന് പ്രധാൻ കൂട്ടിച്ചേര്‍ത്തു. ''വളരെ വലിയൊരു സെറ്റായതിനാൽ ഞങ്ങൾക്ക് വളരെയധികം ജനറേറ്ററുകൾ ഉപയോഗിക്കേണ്ടിവന്നു. വിവാഹങ്ങൾക്ക് ഉപയോഗിക്കാൻ ജനറേറ്ററുകൾ ഇല്ലാത്തതിനാൽ നിരവധി കല്യാണങ്ങൾ റദ്ദാക്കാൻ ഞാൻ കാരണക്കാരനായി എന്ന് മറ്റ് സഹപ്രവര്‍ത്തകര്‍ പറയാറുണ്ടായിരുന്നു'' ഛായാഗ്രാഹകൻ പറഞ്ഞു.

50 കോടി രൂപ ബജറ്റിൽ നിർമിച്ച ദേവദാസ്, അക്കാലത്ത് പുറത്തിറങ്ങിയ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായിരുന്നു.2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തതിനുശേഷം ആ വര്‍ഷം ജൂലൈയിൽ ലോകമെമ്പാടും റിലീസ് ചെയ്തു. 168 കോടിയായിരുന്നു ചിത്രത്തിന്‍റെ ആഗോള കലക്ഷൻ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News