"പുറകേ വന്നോളാം, ആ വൈബിലങ്ങ് ചെയ്തോ"; തല്ലുമാലയിലെ ഹിറ്റ് ഗാനത്തിന് മൂന്ന് മില്യണ്‍ കാഴ്ച്ചക്കാര്‍, പിന്നാമ്പുറം ഇങ്ങനെ...

മൂന്ന് മില്യണ്‍ ആളുകളാണ് 'കണ്ണിൽ പെട്ടോളെ' എന്ന ഗാനം ഇതുവരെ യൂ ട്യൂബില്‍ കണ്ടത്

Update: 2022-05-29 16:19 GMT
Editor : ijas
Advertising

ടോവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയിലെ ഹിറ്റ്ഗാനം 'കണ്ണിൽ പെട്ടോളെ'യുടെ രസകരമായ പിന്നാമ്പുറ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.കണ്ണൂര്‍ തലശ്ശേരി പഴയ കടല്‍പ്പാലത്തിന് സമീപത്ത് വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. തിരക്കഥാകൃത്താ മുഹ്സിന്‍ പരാരിയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. 

മ്യൂസിക് 247 എന്ന യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട കണ്ണിൽ പെട്ടോളെ എന്ന പെപ്പി ഗാനത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. മൂന്ന് മില്യണ്‍ ആളുകളാണ് ഗാനം ഇതുവരെ യൂ ട്യൂബില്‍ കണ്ടത്. ചിത്രത്തിൽ മണവാളൻ വസീം എന്ന കഥാപാത്രത്തെ ടോവിനോയും പാത്തു എന്ന കഥാപാത്രത്തെ കല്യാണിയും അവതരിപ്പിക്കുന്നു. കളർഫുള്ളായ വസ്ത്രങ്ങളിൽ ടോവിനോയുടെ ആകർഷകമായ ഡാൻസാണ് ഗാനരംഗത്തിന്‍റെ ഹൈലൈറ്റ്. ഒപ്പം സ്റ്റൈലിഷായി കല്യാണിയുമുണ്ട്. ടോവിനോ ഇതുവരെ ചെയ്തതിൽ നിന്നും ഏറെ പുതുമകളുളള കഥാപാത്രമാണ് മണവാളൻ വസീം എന്നാണ് സൂചനകൾ. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കണ്ണിൽ പെട്ടോളേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ്, ഇർഫാനാ ഹമീദ് എന്നിവർ ചേർന്നാണ്. വിഷ്ണു വിജയ് ആണ് സംഗീതം.അറബിക്-മലയാളം ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്. റാപ്പ് വരികൾ-ഇർഫാന ഹമീദ്. മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദാണ്. ഗാനരചന മുഹ്സിൻ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിർമ്മാണം ആഷിക് ഉസ്മാനാണ്. വിതരണം സെൻട്രൽ പിക്‌ചേഴ്‌സ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News