'ആ സിനിമയുടെ പേര് പറഞ്ഞത് അബദ്ധത്തില്‍, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍'; മമ്മൂട്ടി

ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മമ്മൂട്ടി അറിയിച്ചു

Update: 2023-02-02 14:38 GMT
Editor : ijas | By : Web Desk

മമ്മൂട്ടി കമ്പനി നിര്‍മിച്ച് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് 'കണ്ണൂര്‍ സ്ക്വാഡ്'. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹകനായ റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ മമ്മൂട്ടി പുതിയ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ അന്ന് സിനിമയുടെ പേര് പറഞ്ഞുപോയത് അബദ്ധത്തില്‍ ആയിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. ചിത്രത്തിന്‍റെ പേരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മമ്മൂട്ടി അറിയിച്ചു. ക്രിസ്റ്റഫര്‍ സിനിമ പുറത്തിറങ്ങാനിരിക്കെ ദുബൈയില്‍ വെച്ച് നടത്തിയ 'മീറ്റ് ദ പ്രസ്' പരിപാടിയിലാണ് മമ്മൂട്ടി അഭിമുഖത്തിനിടെ സംഭവിച്ച അബദ്ധം സൂചിപ്പിച്ചത്.

Advertising
Advertising

'കണ്ണൂര്‍ സ്‌ക്വാഡ്', 'ക്രിസ്റ്റഫര്‍', 'കാതല്‍' എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ എന്നാണ് തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ മമ്മൂട്ടി പറയുന്നത്. 'നൻപകൽ നേരത്ത് മയക്കം', 'റോഷാക്ക്', 'കാതൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്ക്വാഡ്'.

ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന 'കണ്ണൂര്‍ സ്ക്വാഡില്‍' പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. എസ്.ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് കഥ. ദീര്‍ഘ കാലം റോബിയുടെ അസിസ്റ്റന്‍റായിരുന്ന മുഹമ്മദ് റാഹിലാണ് ആദ്യ സംവിധാന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. റോബിയും സഹോദരനും നടനുമായ റോണി ഡേവിഡും ചേര്‍ന്നാണ് സിനിമക്ക് തിരക്കഥയൊരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കും. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News