'പെരിയാറിനെ മഹത്വവൽക്കരിച്ചു; കർണാടക സംഗീതജ്ഞരെ അപമാനിച്ചു'-ടി.എം കൃഷ്ണയ്ക്ക് അവാർഡ് നൽകുന്നതിനെതിരെ വിമർശനം, മറുപടിയുമായി മദ്രാസ് അക്കാദമി

അധിക്ഷേപങ്ങൾ നിറഞ്ഞ അവകാശവാദങ്ങളടങ്ങിയ കത്തിന്റെ ഉള്ളടക്കവും ഒരു ആദരണീയനായ മുതിർന്ന സഹസംഗീതജ്ഞനെതിരെയുള്ള അതിലെ ക്രൂരമായ സ്വരവുമെല്ലാം തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് അക്കാദമി പ്രസിഡന്റ് പ്രതികരിച്ചു

Update: 2024-03-22 18:59 GMT
Editor : Shaheer | By : Web Desk

രഞ്ജനി-ഗായത്രി സഹോദരിമാര്‍, ടി.എം കൃഷ്ണ

Advertising

ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം സംഗീതജ്ഞൻ ടി.എം കൃഷ്ണയ്ക്കു നൽകിയതിൽ പ്രതിഷേധവുമായി ഒരു വിഭാഗം കർണാടക സംഗീതജ്ഞർ. രഞ്ജനി-ഗായത്രി സഹോദരിമാരാണ് എതിർപ്പുമായി ആദ്യം രംഗത്തെത്തിയത്. കർണാടക സംഗീതത്തിനും സംഗീതജ്ഞർക്കും വലിയ പരിക്കുണഅടാക്കിയയാളാണെന്നും പെരിയാറെ പോലെയുള്ള വ്യക്തികളെ മഹത്വവൽക്കരിക്കുന്നയാളാണെന്നുമെല്ലാമാണ് എതിർപ്പിനു കാരണമായി പറഞ്ഞത്. എന്നാൽ, കൃത്യമായ ആലോചനകളിലൂടെ സംഗീതരംഗത്തെ മികവ് മാത്രം കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നതെന്നാണ് ഇതിനോട് അക്കാദമി പ്രസിഡന്റ് എൻ. മുരളി പ്രതികരിച്ചത്.

ടി.എം കൃഷ്ണയുടെ അധ്യക്ഷതയിൽ സമ്മേളനം നടക്കുന്നതിനാലാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും കർണാടക സംഗീത ലോകത്തിന് വലിയ പരിക്കേൽപ്പിച്ചയാളാണ് അദ്ദേഹമെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിൽ രഞ്ജനി-ഗായത്രി സഹോദരിമാർ വിമർശിച്ചത്. കർണാടക സംഗീത കുടുംബത്തിന്റെ വികാരങ്ങളെ മനഃപൂർവ്വം സന്തോഷത്തോടെ ചവിട്ടിമെതിക്കുകയും ത്യാഗരാജനെയും എം.എസ് സുബ്ബലക്ഷ്മിയെയും പോലെയുള്ള ആദരണീയ പ്രതിഭകളെ അപമാനിക്കുകയും ചെയ്തയാളാണ് കൃഷ്ണയെന്നും ഇവർ ആരോപിച്ചു. കർണാടക സംഗീതജ്ഞനാകുന്നത് നാണക്കേടാണെന്നു വരുത്തിത്തീർക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. സംഗീതത്തിലെ ആത്മീയതയെ നിരന്തരമായി അപകീർത്തിപ്പെടുത്തിയും അദ്ദേഹം അക്കാര്യം പ്രകടിപ്പിച്ചുവെന്നും ഇവർ കുറ്റപ്പെടുത്തി.

''കലാ, സാഹിത്യ രംഗത്ത് ദശലക്ഷക്കണക്കിനു മണിക്കൂറുകൾ സമർപ്പിച്ച കർണാടക സംഗീത കൂട്ടായ്മയെ അധിക്ഷേപിക്കുകയും ചെയ്തു അദ്ദേഹം. ബ്രാഹ്മണരെ വംശഹത്യ നടത്തണമെന്നു പറയുകയും, ആ സമൂഹത്തിലെ സ്ത്രീകളെ അശ്ലീലച്ചുവയോടെ അധിക്ഷേപിക്കുകയും സാമൂഹിക വ്യവഹാരത്തിൽ വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നത് സാമാന്യവൽക്കരിക്കാൻ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്ത ഇ.വി.ആർ എന്ന പെരിയാറിനെ പോലെയുള്ള വ്യക്തിത്വത്തെ അദ്ദേഹം മഹത്വവൽക്കരിക്കുന്നതും കാണാതിരുന്നുകൂടാ. കലയെയും കലാകാരന്മാരെയും വാഗ്ഗേയകരെയും രസികരെയും സ്ഥാപനങ്ങളെയും നമ്മുടെ വേരുകളെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്ന ഒരു മൂല്യവ്യവസ്ഥയിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ മൂല്യങ്ങളെ കുഴിച്ചുമൂടി ഈ വർഷത്തെ സമ്മേളനത്തിൽ നമ്മൾ പങ്കെടുത്താൽ അത് ധാർമികലംഘനമാകും.''-കത്തിൽ കൂട്ടിച്ചേർത്തു.

ഹരികഥ കലാകാരൻ ദുഷ്യന്ത് ശ്രീധറും ഗായകരായ തൃശൂർ സഹോദരങ്ങളും ഇതേ കാരണം പറഞ്ഞ് പരിപാടിയിൽനിന്നു പിന്മാറിയിട്ടുണ്ട്. ഹരികഥ കലാകാരൻ വിശാക ഹരി തീരുമാനം ചോദ്യംചെയ്തു രംഗത്തെത്തുകയും 2017ലെ സംഗീത കലാനിധി ജേതാവ് ചിത്രവീണ രവികിരൺപുരസ്‌കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, അനാവശ്യവും അപകീർത്തികരവുമായ അധിക്ഷേപങ്ങൾ നിറഞ്ഞ അവകാശവാദങ്ങളടങ്ങിയ കത്തിന്റെ ഉള്ളടക്കവും ഒരു ആദരണീയനായ മുതിർന്ന സഹസംഗീതജ്ഞനെതിരെയുള്ള അതിലെ ക്രൂരമായ സ്വരവുമെല്ലാം തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് അക്കാദമി പ്രസിഡന്റ് പ്രതികരിച്ചത്.

സംഗീത കലാനിധിയെ ഓരോ വർഷവും തിരഞ്ഞെടുക്കുന്നത് മ്യൂസിക് അക്കാദമിയുടെ സവിശേഷാധികാരത്തോടെയാണ്. ശ്രദ്ധാപൂർവമായ ആലോചനയ്ക്ക് ശേഷമാണ് എല്ലായ്‌പ്പോഴും തീരുമാനമെടുക്കാറുള്ളത്. മഹത്വരവും അശ്രാന്തവുമായ കരിയറിലൂടെ പ്രകടിപ്പിക്കപ്പെടുന്ന സംഗീത മികവ് മാത്രമാണ് ഏക മാനദണ്ഡം. ഈ വർഷം അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി ടി.എം കൃഷ്ണയെയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ബാഹ്യഘടകങ്ങളൊന്നുമില്ലെന്നു മാത്രമല്ല, ദീർഘമായ കരിയറിലെ അദ്ദേഹത്തിന്റെ സംഗീത മികവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനവുമെന്നും എൻ മുരളി വ്യക്തമാക്കി.

വരുന്ന വാർഷിക സമ്മേളനത്തിൽനിന്ന് പിന്മാറാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞങ്ങൾ വിലമതിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത, കലാകാരന്മാർക്ക് യോജിക്കാത്ത മോശം സ്വരത്തിൽ നിങ്ങൾ ആക്ഷേപിക്കുന്ന ഒരു സംഗീതജ്ഞനെയാണല്ലോ അക്കാദമി അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നെയും അക്കാദമിയെയും അഭിസംബോധന ചെയ്തുള്ള നിങ്ങളുടെ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്, മര്യാദകേടാണെന്നതിനു പുറമെ, ഇതിനു പിന്നിലെ നിങ്ങളുടെ താൽപര്യങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് സംശയം ഉണയർത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: 'He glorified Periyar; humiliated Carnatic musicians'-Carnatic musicians Ranjani-Gayatri boycott conference after TM Krishna gets Sangita Kalanidhi award of Madras Music Academy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News