ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയ്ക്ക് ഇന്ന് 79-ാം പിറന്നാള്‍; വെള്ളിത്തിരയിലെ അപൂര്‍വ പ്രതിഭ

1969ല്‍ പുറത്തിറങ്ങിയ 'സാത്ത് ഹിന്ദുസ്ഥാനി' മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നു തിയറ്ററുകളിലെത്തിയ 'ചെഹ്‍രെ' വരെ തന്‍റെ മനോഹരമായ പകര്‍ന്നാട്ടങ്ങളാണ് ഓരോ സിനിമയിലും അമിതാഭ് ബച്ചന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്

Update: 2021-10-11 07:00 GMT
Editor : Nisri MK | By : Nisri MK

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയ്ക്ക് ഇന്ന് 79-ാം പിറന്നാള്‍. വെള്ളിത്തിരയിലെ അപൂര്‍വ പ്രതിഭാസമായ അമിതാബ് ബച്ചന് പ്രായഭേദമന്യേ ആരാധകരുണ്ട്. 1969ല്‍ പുറത്തിറങ്ങിയ 'സാത്ത് ഹിന്ദുസ്ഥാനി' മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നു തിയറ്ററുകളിലെത്തിയ 'ചെഹ്‍രെ' വരെ തന്‍റെ മനോഹരമായ പകര്‍ന്നാട്ടങ്ങളാണ് ഓരോ സിനിമയിലും അമിതാഭ് ബച്ചന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 

പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്‍റെ സീമന്ത പുത്രനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിലാണ് താരത്തിന്‍റെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മുദ്രാവാക്യമായ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന വാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബച്ചനെ തുടക്കത്തിൽ ഇൻക്വിലാബ് എന്നാണ് നാമകരണം ചെയ്തത്. എന്നാല്‍ അച്ഛന്‍റെ സുഹൃത്തും കവിയുമായ സുമിത്ര നന്ദന്‍ പന്താണ് കെടാത്ത നാളം എന്ന അര്‍ത്ഥമുള്ള അമിതാഭ് എന്ന പേര്  നല്‍കിയത്. ശേഷം അച്ഛന്‍റെ തൂലികാനാമമായ ബച്ചനും ചേര്‍ത്താണ് അമിതാബ് ബച്ചന്‍ എന്ന പേര് വന്നത്.

Advertising
Advertising


1969 ൽ മൃണാൾ സെന്നിന്‍റെ ഭുവൻ ഷോം എന്ന ദേശീയ അവാർഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായിട്ടാണ് ബച്ചൻ ചലച്ചിത്ര രംഗത്ത് തന്‍റെ അരങ്ങേറ്റം നടത്തിയത്.  ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തിന്‍റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം. ബോക്സോഫീസില്‍ വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങള്‍ തന്‍റെ കൈപ്പിടിയിലൊതുക്കിയെങ്കിലും അവയെല്ലാം ബോക്സോഫീസ് പരാജയങ്ങളായിരുന്നു. പിന്നീട് ഒരു "പരാജയപ്പെട്ട പുതുമുഖം" ആയിട്ടാണ് ബച്ചൻ രംഗത്തു പിടിച്ചുനിൽക്കാനുള്ള തീവ്രശ്രമം നടത്തുന്നത്.

എന്നാല്‍ സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന തിരക്കഥാകൃത്ത് ദ്വയം 'സലിം-ജാവേദ്' ബച്ചനിലെ അഭിനേതാവിനെ താമസിയാതെ കണ്ടെത്തി. പ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ 'സഞ്ജീര്‍' ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. പിന്നീട് നടന്നത് ചരിത്രമാണ്. 1975 ഓഗസ്റ്റ് 15നു തിയറ്ററുകളിലെത്തിയ ഷോലെ ഇന്ത്യന്‍ സിനിമയില്‍ അതുവരെയുണ്ടായിരുന്ന മുഴുവന്‍ കളക്ഷന്‍ റെക്കോര്‍ഡുകളും മാറ്റിയെഴുതി. പിന്നീടങ്ങോട്ടുള്ള കാലം അമിതാബ് ബച്ചന്‍റേതായിരുന്നു. ആ പ്രതിഭയോടു കിട പിടക്കാന്‍ മാത്രം കഴിവുള്ള മറ്റൊരു താരവും അന്നുണ്ടായിരുന്നില്ല.



2000ത്തിനു ശേഷം പുതിയ ബച്ചനെയാണ് ഇന്ത്യന്‍ സിനിമ കണ്ടത്. റൊമാന്‍റിക് ഹീറോ പരിവേഷത്തിന് വിട ചൊല്ലി പക്വതയാര്‍ന്ന മുഖം ബച്ചന്‍ എടുത്തണിഞ്ഞു. സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക്, രാം ഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍, നിശബ്ദ്, ചീനീ കം, പാ, പികു, പിങ്ക് എന്നിവയൊക്കെയാണ് പില്‍ക്കാലത്തെ അമിതാഭ് ബച്ചന്‍റെ ശ്രദ്ധേയ പ്രകടനങ്ങള്‍. നാഗരാജ് മഞ്ജുളെയുടെ 'ഝൂണ്ഡ്', അയന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര, രമേഷ് അരവിന്ദിന്‍റെ ബട്ടര്‍ഫ്ളൈ, അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന മെയ് ഡേ, വികാസ് ബാലിന്‍റെ ഗുഡ്‍ബൈ എന്നിവയാണ് അമിതാഭ് ബച്ചന്‍റേതായി പുറത്തുവരാനുള്ള പ്രോജക്ടുകള്‍.

ദേശീയ പുരസ്കാരം 4 തവണയാണ് താരത്തെ തേടിയെത്തിയത്. ഫാല്‍കെ അവാര്‍ഡ്, പത്മശ്രീ, പത്മഭൂഷണ്‍,പത്മവിഭൂഷണ്‍ എന്നിങ്ങനെ പട്ടിക നീളുന്നു.



പിറന്നാളിനു തന്‍റെ പുതിയ ചിത്രവുമായി അമിതാഭ് ബച്ചന്‍ രംഗത്തു വന്നിട്ടുണ്ട്. ചിത്രം പങ്കുവെച്ചുകൊണ്ട്, '80 -ലേക്ക് കടക്കുന്നു ..' എന്നാണ് അദ്ദേഹം ട്വിറ്ററിൽ എഴുതിയത്. ട്വീറ്റിനു താഴെ നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരുമാണ്  ബിഗ് ബിയ്ക്ക് ആശംസകളുമായി എത്തുന്നത്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Nisri MK

contributor

Similar News