'ഉണ്ണി മുകുന്ദന്‍റെ ആറാട്ട്, അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍'; മാളികപ്പുറത്തെ പുകഴ്ത്തി കെ. സുരേന്ദ്രന്‍

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്‍ ചിത്രത്തെ പ്രശംസിപ്പിച്ച് രംഗത്തുവന്നത്

Update: 2022-12-30 14:18 GMT
Editor : ijas | By : Web Desk
Advertising

ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ 'മാളികപ്പുറം' സിനിമയെ പുകഴ്ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണെന്നും ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ ആണ് സിനിമ കണ്ടുതീരുമ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന മനോഹര സിനിമയാണിത്. ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാന്നിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ കാണാൻ സാധിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്‍ ചിത്രത്തെ പ്രശംസിപ്പിച്ച് രംഗത്തുവന്നത്.

കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

മാളികപ്പുറം കണ്ടു. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാന്നിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. "ഭക്തന്റെ കൂടെ ഈശ്വരൻ മനുഷ്യ രൂപത്തിലെത്തും" എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെൺകുട്ടിക്ക് പകർന്നു കിട്ടിയ അയ്യപ്പഭക്തിയും തന്‍റെ സ്വാമിയെ കാണാനുള്ള ആ പെൺകുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവൾ എടുക്കുന്ന റിസ്ക്കും സൂക്ഷ്മമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.

രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പും രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ചിത്രം നെഞ്ചോടു ചേർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Full View

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്‍റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‍ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്‍റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്‍റോയുമാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'മാളികപ്പുറം'.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News