'വി.എസിന്‍റെ അഭിമുഖം നീക്കി'; 'കേരള സ്റ്റോറി' വരുന്നത് പത്ത് മാറ്റങ്ങളോടെ

'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍' എന്ന സംഭാഷണത്തില്‍ നിന്നും 'ഇന്ത്യന്‍' എന്ന വാക്ക് നീക്കി

Update: 2023-04-29 16:48 GMT
Editor : ijas | By : Web Desk

വര്‍ഗീയ ഉള്ളടക്കങ്ങളോടെ റിലീസിന് ഒരുങ്ങുന്ന കേരള സ്റ്റോറിയില്‍ പത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. ഫിലിം അനലിസ്റ്റായ എ.ബി ജോര്‍ജാണ് സിനിമയില്‍ നിന്നും നീക്കം ചെയ്ത ഭാഗങ്ങള്‍ പങ്കുവെച്ചത്. സിനിമയുടെ അവസാനത്തിലെ വി.എസിന്‍റെ അഭിമുഖമടക്കമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. 'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍' എന്ന സംഭാഷണത്തില്‍ നിന്നും 'ഇന്ത്യന്‍' എന്ന വാക്ക് നീക്കി. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു. മെയ് അഞ്ചിന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് ആണ് തിയറ്ററുകളിലെത്തിക്കുന്നത്.

Advertising
Advertising

ചിത്രത്തിനെതിരെ സംസ്ഥാനത്ത് കനത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് സിനിമയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മുസ്‌ലിം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും അടക്കം സിനിമയ്ക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.

ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെട്ടു എന്നാണ് ടീസറും ട്രെയിലറും പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നു.

സംവിധായകൻ സുദീപ്‌തോ സെൻ ചിത്രത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടുവെന്നാണ് അവകാശപ്പെടുന്നത്. തന്റെ അന്വേഷണമനുസരിച്ച്, 2009 മുതൽ, കേരളത്തിലും മംഗലാപുരത്തും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചെന്നും അവരിൽ ഭൂരിഭാഗത്തിന്‍റെയും ജീവിതം സിറിയയിലും അഫ്ഗാനിസ്ഥാനിലും അവസാനിച്ചുവെനും ഇയാൾ ആരോപിക്കുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News