ബാബുവിന്‍റെ ജീവിതം സിനിമയാക്കുമോ? ഒമര്‍ ലുലുവിന്‍റെ മറുപടി

ബാബുവിന്‍റെ ജീവിതം ഒമര്‍ ലുലു സിനിമയാക്കുന്നതായും നായകനായി പ്രണവ് മോഹന്‍ലാലിനെ തെരഞ്ഞെടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു

Update: 2022-02-15 13:32 GMT
Editor : ijas

മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം നേടിയ ബാബുവിന്‍റെ ജീവിതം സിനിമയാക്കുന്നതില്‍ വ്യക്തതയുമായി സംവിധായകന്‍ ഒമര്‍ ലുലു. ബാബുവിന്‍റെ ജീവിതം ഒമര്‍ ലുലു സിനിമയാക്കുന്നതായും നായകനായി പ്രണവ് മോഹന്‍ലാലിനെ തെരഞ്ഞെടുത്തതായും നിരവധി വാര്‍ത്തകളുണ്ടായിരുന്നു. ഇതിലാണ് ഒമര്‍ ലുലു പ്രതികരണം അറിയിച്ചിരിക്കുന്നത്. 

പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ബാബുവിന്‍റെ ജീവിതം സിനിമയാക്കുന്നില്ലെന്നും ഒമര്‍ ലുലു മറുപടി നല്‍കി. ബാബു ആന്‍റണി നായകനായ പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നതെന്നും ഒമര്‍ലുലു പറഞ്ഞു. തന്‍റെ പേരില്‍ വന്ന ട്രോള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Advertising
Advertising

ഒമര്‍ ലുലുവിന്‍റെ വാക്കുകള്‍:

ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്‍റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്‍റെയും പുറകെയാണ്. ബാബുവിന്‍റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു.

ദിലീപിനെ നായകനാക്കി അംബാനി എന്ന ചിത്രം ഒമര്‍ ലുലു നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ആന്‍ ഒമര്‍ ബിസിനസ്' എന്ന തലക്കെട്ടോടെയാകും സിനിമ പുറത്തിറങ്ങുക. പവര്‍‌ സ്റ്റാറിന് ശേഷം ഒരു സിനിമ ചെയ്തുതീര്‍ക്കാനുണ്ടെന്നും അത് കഴിഞ്ഞാകും ദിലീപ് സിനിമയുടെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയെന്നുമാണ് ഒമര്‍ ലുലു അറിയിച്ചിരുന്നത്. അപൂർവരാഗം, ടൂ കണ്ട്രീസ്, ഫ്രൈഡേ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News