ബോക്‌സ്ഓഫീസ് പ്രതീക്ഷകൾ മങ്ങിയോ? 30 കോടി കടക്കാൻ പാടുപെട്ട് 'യശോദ'

എട്ടാം ദിവസം ഒരു കോടി പോലും കടക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല

Update: 2022-11-19 13:50 GMT
Editor : banuisahak | By : Web Desk
Advertising

സാമന്ത പ്രധാനവേഷത്തിൽ എത്തിയ 'യശോദ' തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. വാടകഗർഭധാരണത്തിന്റെ കഥ പറയുന്ന ചിത്രം ആദ്യം മുതൽ തന്നെ പ്രേക്ഷകശ്രദ്ധ നേടി. റിലീസായ ആദ്യ ദിവസങ്ങളിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നെങ്കിലും അത് നിലനിർത്താൻ യശോദക്ക് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

4 ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടും 20 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാൽ, പ്രവർത്തി ദിവസങ്ങളിൽ ഈ കളക്ഷൻ നിലനിർത്താൻ സിനിമക്കായില്ല. റിലീസ് ചെയ്‌ത്‌ എട്ട് ദിവസം പിന്നിടുമ്പോൾ യശോദയുടെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ ഏകദേശം 26 കോടി രൂപയാണെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നു.

എട്ടാം ദിവസം ഒരു കോടി പോലും കടക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ബോക്‌സ് ഓഫീസിൽ 65-70 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെലുങ്ക് സംസ്ഥാനങ്ങളിലും യുഎസ്, യുകെ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച നേട്ടം കൈവരിച്ചെങ്കിലും തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടു. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 12 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രത്തിന് തമിഴ്‌നാട്ടിൽ നിന്ന് 2 കോടി പോലും നേടാനായില്ല.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്‌തത്‌. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനാണ് നായകൻ. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഹരിയും ഹരീഷും ചേര്‍ന്നാണ്.

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, , റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലുങ്കിലും തമിഴിലും സാമന്ത തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം മണിശര്‍മ്മയും ഛായാഗ്രഹണം എം. സുകുമാറും നിര്‍വഹിക്കുന്നു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News