അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് നല്‍കും: പുതുച്ചേരി മുന്‍ മുഖ്യമന്ത്രി
പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15000 കോടി രൂപയില്‍ ഒരു ഭാഗം നാരായണ സ്വാമി ഗാന്ധി കുടുംബത്തിന് നല്‍കി എന്നായിരുന്നു അമിത് ഷായുടെ ആരോപണം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി. പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15000 കോടി രൂപയില്‍ ഒരു ഭാഗം നാരായണ സ്വാമി ഗാന്ധി കുടുംബത്തിന് നല്‍കി എന്നായിരുന്നു അമിത് ഷായുടെ ആരോപണം. ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ തെളിയിക്കണമെന്ന് നാരായണ സ്വാമി ആവശ്യപ്പെട്ടു.
എനിക്കെതിരെ അമിത് ഷാ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. അദ്ദേഹം ആരോപണം തെളിയിച്ചില്ലെങ്കില്‍ ഞാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. വ്യാജ ആരോപണം ഉന്നയിച്ച് അദ്ദേഹം എന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമിച്ചത്. പുതുച്ചേരിയിലെ ജനങ്ങളോട് അമിത് ഷാ മാപ്പ് പറയണം.നാരായണ സ്വാമി
പുതുച്ചേരിയില്‍ ഒരു റാലിയില്‍ പങ്കെടുക്കുമ്പോഴാണ് അമിത് ഷാ ഗുരുതര ആരോപണം ഉന്നയിച്ചത്. കുറഞ്ഞത് 1500 കോടി രൂപയെങ്കിലും പുതുച്ചേരിയുടെ വികസനത്തിനായി പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ആ തുകയുടെ ഒരു ഭാഗം ഗാന്ധി കുടുംബത്തിന് നല്‍കി എന്നായിരുന്നു അമിത് ഷായുടെ ആരോപണം.
കഴിഞ്ഞ ആഴ്ചയാണ് നാരായണ സ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. അമിത് ഷായാണ് പുതുച്ചേരി സര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് നാരായണസ്വാമി ആരോപിക്കുകയുണ്ടായി. ബിജെപി നേതാക്കള്‍ പണമടങ്ങിയ ബാഗുമായി പുതുച്ചേരിയില്‍ ക്യാമ്പ് ചെയ്ത് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് നാരായണസ്വാമി ആരോപിച്ചത്. ഏപ്രില്‍ 6നാണ് പുതുച്ചേരിയിലെ വോട്ടെടുപ്പ്.