ഈ ലോകകപ്പിലെ ഏറ്റവും നിര്‍ണായകമായ രാത്രിയാണിന്ന്, കാരണമിതൊക്കെയാണ്...
റഷ്യന്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍അവസാനത്തോട് അടുക്കുമ്പോള്‍ മത്സരങ്ങള്‍ക്ക് കനക്കുകയാണ്, സോക്കര്‍ബര്‍ഗ് എഴുതുന്നു
റഷ്യന്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനത്തോട് അടുക്കുമ്പോള്‍ മത്സരങ്ങള്‍ക്ക് കനക്കുകയാണ്. വമ്പന്മാര്‍ക്ക് പോലും വ്യക്തമായ താളം കണ്ടെത്താനായിട്ടില്ല. ചിലര്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ മറ്റു ചിലര്‍ പുറത്തായി. എന്നാല്‍ ഇന്ന് ഗ്രൂപ്പ് എഫിലും ഇയിലുമായി അതിനിര്‍ണായക പോരാട്ടങ്ങളാണ് നടക്കുന്നത്. ബ്രസീലും ജര്‍മനയും ഇന്ന് പോരിനിറങ്ങുന്നുണ്ട്. ഗ്രൂപ്പ് എഫില്‍ ജര്‍മ്മനി സൗത്ത് കൊറിയയേയും മെക്‌സിക്കോ സ്വീഡനേയും നേരിടുമ്പോള്‍ ഗ്രൂപ്പ് ഇയില്‍ സെര്‍ബിയയും ബ്രിസീലും പോരിനിറങ്ങും. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് കോസ്റ്റാറിക്കയേയും നേരിടും.
ഗ്രൂപ്പ് എഫില്‍ ജര്‍മ്മനി ഒന്നാമത് എത്തുമോ?
മെക്‌സിക്കോ, ജര്‍മ്മനി, സ്വീഡന്‍, സൗത്ത് കൊറിയ എന്നിവരടങ്ങിയതാണിത്. ജര്‍മ്മനി എളുപ്പത്തില്‍ ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് പ്രവചിച്ചവരാണ് ഏറെയും. എന്നാല്‍ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോറ്റതോടെ ജര്‍മ്മനിയുടെ അടിപതറി. രണ്ടാം മത്സരത്തില്‍ സ്വീഡനോട് ജയിച്ചെങ്കിലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനായിട്ടില്ല. മൂന്ന് പോയിന്റുണ്ട് ജര്‍മ്മനിക്ക്. അത്രയും പോയിന്റുമായി സ്വീഡനുമുണ്ട്. ആറു പോയിന്റുമായി മെക്‌സിക്കോയാണ് മുന്നില്‍ നില്‍ക്കുന്നത്.
ജര്‍മ്മനിക്ക് ഗ്രൂപ്പില്‍ ഒന്നാമത് എത്താനാവുമോ? അതിനുള്ള സാധ്യതകള്‍ ഇങ്ങനെ, മെക്‌സിക്കോയെ സ്വീഡന്‍ 1-0ത്തിന് തോല്‍പിക്കുക. മാത്രമല്ല സൗത്ത് കൊറിയയെ ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിക്കുകയും വേണം.
ജര്‍മ്മനിക്ക് പുറത്തേക്കുള്ള വഴി കാണുമോ?
സൗത്ത് കൊറിയക്കെതിരെ പരാജയപ്പെട്ടാലോ സമനില വഴങ്ങിയാലോ അതോടൊപ്പം മെക്‌സിക്കോയ്‌ക്കെതിരെ സ്വീഡന്‍ ജയിക്കുകയും ചെയ്താല്‍ ജോക്കിം ലോയ്ക്കും സംഘത്തിനും മടങ്ങാം.
മെക്‌സിക്കോ പുറത്താകുമോ?
ആദ്യ മത്സരത്തില്‍ ജര്‍മ്മനിയെ വീഴ്ത്തിയവരാണ് മെക്‌സിക്കോ. ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് ആണെങ്കിലും സുരക്ഷിത സ്ഥാനത്തല്ല. സ്വീഡന്‍ രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ പരാജയപ്പെടുത്തുകയും ജര്‍മ്മനി കൊറിയയെ അത്രയും ഗോളുകള്‍ക്ക് തോല്‍പിക്കുകയും ചെയ്താല്‍ മെക്‌സിക്കോയ്ക്ക് മടങ്ങേണ്ടിവരും.
ബ്രസീല്‍ പുറത്താകുമോ?
സെര്‍ബിയക്കെതിരെ ബ്രസീല്‍ തോറ്റാല്‍ പുറത്തേക്കുള്ള വഴി കാണും. അങ്ങനെ സംഭവിച്ചാല്‍ സെര്‍ബിയക്ക് ആറു പോയിന്റ്. ബ്രസീലിന് നാലും. അതേസമയം സ്വിറ്റ്‌സര്‍ലാന്‍ഡ് കോസ്റ്റാറിക്കയെ തോല്‍പിക്കുക കൂടി ചെയ്താല്‍ ബ്രസീലിന്റെ കഥ കഴിഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആറു പോയിന്റോടെ സെര്‍ബിയക്ക് പിന്നാലെ സ്വിറ്റ്‌സര്‍ലാന്‍ഡ് കയറും.
ജര്‍മ്മനിയുടെ ബ്രസീലും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമോ?
മെക്സിക്കോ, സ്വീഡന്‍, ജര്‍മ്മനി എന്നിവരുടെ അവസാന കളിയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഇത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയം ബ്രസീലിന്റ വിജയത്തിന്റെ മാര്‍ജിനിനേക്കാള്‍ കുറവാണെങ്കില്‍ ബ്രസീല്‍ ഗ്രൂപ്പില് ഒന്നാമത് എത്തുകയും എഫ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. ഇത് രണ്ടും സംഭവിച്ചാലും ബ്രസീലിന് ജര്‍മ്മനിയെ നേരിടുന്നത് ഒഴിവാക്കാനാവും. ഇനി മെക്സിക്കോയും ജര്‍മ്മനിയും ജയിക്കുകയും സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ജേതാക്കളാവുകയാണെങ്കില്‍ ബ്രസീല്‍ ജര്‍മ്മനി പോരാട്ടം പ്രീക്വാര്‍ട്ടറില്‍ ഉണ്ടാവും. ചുരുക്കത്തില്‍ ബ്രസീലും ജര്‍മ്മനിയും അവരവരുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്താ വരികയാണെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ തമ്മിലുള്ള പോരാട്ടം ഒഴിവാക്കാനാകും.