ഒമാനില്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും
ഒമാനില്‍ വൈദ്യുതി നിരക്ക് പരിഷ്കരിക്കാനൊരുങ്ങുന്നു. ഉപഭോഗത്തിന്റെ സമയമനുസരിച്ച് വൈദ്യുതി നിരക്കില്‍ മാറ്റം വരുമെന്ന് ഇലക്ട്രിസിറ്റി റെഗുലേഷന്‍ അതോറിറ്റി അറിയിച്ചു.
ഒമാനില്‍ വൈദ്യുതി നിരക്ക് പരിഷ്കരിക്കാനൊരുങ്ങുന്നു. ഉപഭോഗത്തിന്റെ സമയമനുസരിച്ച് വൈദ്യുതി നിരക്കില്‍ മാറ്റം വരുമെന്ന് ഇലക്ട്രിസിറ്റി റെഗുലേഷന്‍ അതോറിറ്റി അറിയിച്ചു. ഉപഭോഗം കൂടുന്നതിനനുസരിച്ച് നിരക്കും കൂടുമെന്ന് അറിയിപ്പില്‍ പറയുന്നു.
ഉപഭോഗം കൂടിയ സമയത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കും വിധമായിരിക്കും വൈദ്യുതി നിരക്ക് പരിഷ്കരിക്കുകയെന്ന് ഇലക്ട്രിസിറ്റി റെഗുലേഷന്‍ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖൈസ് അല്‍ സഖ് വാനി പറഞ്ഞു. വിവിധ സമയങ്ങളില്‍ വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുക. ഇതു വഴി നിരക്ക് കുറവുള്ള സമയങ്ങള്‍ നോക്കി വൈദ്യുതിയുടെ ഉപയോഗം ക്രീമീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഉപഭോഗം കുറവുള്ള സമയങ്ങളില്‍ ഉല്‍പാദന ചെലവ് കുറവായിരിക്കും. അതിനാല്‍ ഈ സമയങ്ങളിലെ വൈദ്യുതി ഉപഭോഗം പ്രോല്‍സാഹിപ്പിക്കുകയാണ് നിരക്കു വര്‍ധനയുടെ ലക്ഷ്യം. വൈദ്യുതി ഉപയോഗത്തില്‍ കുറവുവരുത്തുകയും ഉപഭോഗം കുറവുള്ള സമയങ്ങളിലേക്ക് ക്രമീകരിക്കുകയും ചെയ്യുന്നവര്‍ സര്‍ക്കാരിനെ സബ്സിഡി കുറക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത് .
നിരക്ക് പരിഷ്കരണത്തിലൂടെ ഉപഭോഗം കുറക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും ആലോചനയിലുണ്ടെന്നും അല്‍ സഖ്വാനി പറഞ്ഞു. നിലവില്‍ ഏത് സമയത്ത് വൈദ്യുതി ഉപയോഗിച്ചാലും ഒരേ നിരക്കാണ്. എന്നാല്‍ വൈകുന്നേരം മൂന്ന് മണിക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഉല്‍പാദന ചെലവ് രാത്രി പത്തു മണിക്കും പന്ത്രണ്ട് മണിക്കും ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള ധാരണയുണ്ടാക്കും വിധമുള്ള സമൂലമായ പരിഷ്കരണമാണ് വൈദ്യുതി നിരക്കുകളില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നും അല്‍ സഖ് വാനി പറഞ്ഞു. ഈ വര്‍ഷം അഞ്ഞൂറ് ദശലക്ഷം റിയാലാണ് വൈദ്യുതി സബ്സിഡിയിനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതില്‍ എഴുപത് ശതമാനവും ഗാര്‍ഹിക മേഖലയിലാണ് ചെലവിടുന്നത്. സബ്സിഡി അര്‍ഹതപ്പെട്ടവര്‍ക്കായി ചെലവിടാനും നിരക്ക് പരിഷ്കരണത്തിലൂടെ സാധിക്കും. ഉല്‍പാദന ചെലവ് പ്രതിഫലിക്കുന്ന പുതിയ നിരക്കുകള്‍ ആദ്യം സര്‍ക്കാര്‍, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലാകും നടപ്പാക്കുക. ഇതുവഴി സബ്സിഡിയില്‍ നല്ലൊരു പങ്കും മിച്ചംവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രി സഭാ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് മാത്രമേ നിരക്ക് പരിഷ്കരണം നടപ്പിലാക്കുകയുള്ളൂവെന്നും അല്‍ സഖ് വാനി പറഞ്ഞു.