വൻ ലഹരിക്കടത്ത് പിടികൂടി കുവൈത്ത്-ദുബൈ അന്വേഷണ സംഘം; മൂന്ന്​ പേർ അറസ്റ്റിൽ

14 ദശലക്ഷം ലഹരിഗുളികകൾ പിടിച്ചെടുത്തു

Update: 2026-02-13 12:57 GMT
Editor : Mufeeda | By : Web Desk

ദുബൈ: കുവൈത്ത്​ ലഹരിവിരുദ്ധ ​അതോറിറ്റിയുമായി ചേർന്ന് ദുബൈ പൊലീസ്​ നടത്തിയ ഓപറേഷനിൽ അന്താരഷ്ട്ര മയക്കുമരുന്ന്​ സംഘത്തിലെ മൂന്ന്​ പേർ അറസ്റ്റിൽ. കോടികൾ വിലമതിക്കുന്ന 14 ദശലക്ഷത്തിലധികം കപ്​റ്റാഗൺ ഗുളികകൾ പൊലീസ് പിടിച്ചെടുത്തു. ചോളം നിറച്ച ചാക്കുകളിൽ മയക്കു​ മരുന്ന്​ ഗുളികകൾ ഒളിപ്പിച്ച്​ കടത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം. അഞ്ച് കണ്ടെയ്‌നറുകളിലായാണ്​ ധാന്യങ്ങൾ കയറ്റുമതി ചെയ്തിരുന്നത്​. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ യു.എ.ഇയിലെയും കുവൈത്തിലേയും അതോറിറ്റികൾ തമ്മിൽ തുടർച്ചയായി നടത്തിയ വിവര കൈമാറ്റങ്ങളും നിരീക്ഷണങ്ങൾക്കും ഒടുവിൽ മയക്കുമരുന്ന്​ കണ്ടെത്തുകയായിരുന്നുവെന്ന്​​ ദുബൈ പൊലീസ്​ വെളിപ്പെടുത്തി.

Advertising
Advertising

പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. സംശയകരമായ കണ്ടെയ്​നറുകളുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചവരെ കുവൈത്ത്​-യു.എ.ഇ പൊലീസ് ടീമുകൾ​ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന്​ ഒരു അറബ്​ രാജ്യത്തെ തുറമുഖത്ത്​ എത്തിയ കണ്ടെയ്​നറുകളുമായി അറബ്​ വംശജരായ മൂന്ന്​ പേർക്ക്​ ബന്ധമുള്ളതായി​ അന്വേഷണത്തിൽ ക​ണ്ടെത്തി. രഹസ്യാന്വേഷണ വിവരങ്ങൾ പൂർണ്ണമായി ലഭിച്ചയുടൻ, പ്രത്യേക സംഘങ്ങൾ നഹസ്യ നീക്കം നടത്തുകയും സംഭരണത്തിനായി തുറമുഖത്ത്​ നിന്ന്​ ചാക്കുകൾ ഇറക്കുന്നതിനിടെ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. മുഴുവൻ മയക്കുമരുന്നും തുറമുഖത്ത്​ വെച്ച്​ തന്നെ പിടിച്ചെടുക്കാനായതായി പൊലീസ്​ അറിയിച്ചു.

2050 കിലോഗ്രാമായിരുന്നു മൊത്തം കപ്​റ്റാഗൺ ഗുളികകളുടെ​ തൂക്കം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ദുബൈ ​പൊലീസ്​ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ച്​ നടത്തിയ അന്വേഷണമാണ്​ വൻ മയക്കുമരുന്ന്​ ശൃംഖലയെ തകർക്കാനായതെന്ന്​ യു.എ.ഇ ദേശീയ മയക്കുമരുന്ന്​ വിരുദ്ധ ബ്യൂറോ ചെയർമാൻ ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ആൽ നഹ്​യാൻ പറഞ്ഞു. യു.എ.ഇയും കുവൈത്തും തമ്മിലുള്ള ശക്​തമായ ബന്ധം കൊണ്ടാണ്​ ഈ നേട്ടം കൈവരിക്കാനായത്​. പ്രധാന വിവരങ്ങൾ കൈമാറുന്നതിൽ ഇരു വിഭാഗവും ജാഗ്രത പുലർത്തിയതായും അദ്ദേഹം വ്യക്​തമാക്കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News