വിദേശത്ത് പഠിച്ചവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ഒമാന്‍

Update: 2016-12-22 14:54 GMT
Editor : admin
വിദേശത്ത് പഠിച്ചവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ഒമാന്‍

പൊതുസ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പുറമെ പുതുതായി ജോലി തേടുന്നവരും യോഗ്യതാ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും...

വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള യോഗ്യതാ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി സമ്പാദിച്ച കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള നിയമം കര്‍ക്കശമാക്കാന്‍ ഒരുങ്ങുന്നത്.

Advertising
Advertising

പൊതുസ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പുറമെ പുതുതായി ജോലി തേടുന്നവരും യോഗ്യതാ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കാനാണ് പുതിയ തീരുമാനമെന്നു അധികൃതര്‍ അറിയിച്ചു. വിദേശങ്ങളിലെ വ്യാജ സര്‍വകലാശാലകളുടെ വലയില്‍ സ്വദേശി വിദ്യാര്‍ഥികള്‍ കുടുങ്ങാതിരിക്കാനും ഇതു വഴി സാധ്യമാകും.

നിലവില്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട എംബസികളിലും വിദേശ കാര്യ മന്ത്രാലയം ഓഫീസുകളിലും അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെയാകും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കൂടി തരപ്പെടുത്തേണ്ടിവരുക. ഇത് കര്‍ക്കശമാക്കുന്നതോടെ ഒമാനിലെ പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം ഉള്ള ഉദ്യോഗാര്‍ഥികളെ മാത്രമേ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

വിദേശ പഠനത്തിനും തുടര്‍പഠനത്തിനും ആഗ്രഹിക്കുന്ന സ്വദേശികള്‍ മന്ത്രാലയത്തിന്റെ http://mohe.gov.om എന്ന വെബ്‌സൈറ്റ് പരിശോധിച്ച് സര്‍വകലാശാല വ്യാജമല്ലെന്ന് ഉറപ്പാക്കണം. അല്ലാത്ത പക്ഷം അവ ഒമാനില്‍ അംഗീകരിക്കണമെന്നില്ല. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ മന്ത്രാലയവുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News