ഒമാനില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ ലക്ഷ്യം കാണുന്നതായി റിപ്പോര്‍ട്ട്

Update: 2017-08-06 07:53 GMT
Editor : Sithara
ഒമാനില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ ലക്ഷ്യം കാണുന്നതായി റിപ്പോര്‍ട്ട്

ഒമാനില്‍ എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ വരുമാനനഷ്ടം നികത്താനുള്ള സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ ലക്ഷ്യം കാണുന്നതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ഒമാനില്‍ എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ വരുമാനനഷ്ടം നികത്താനുള്ള സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ ലക്ഷ്യം കാണുന്നതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ബജറ്റ് പ്രകാരമുള്ള പൊതുചെലവില്‍ കുറവുണ്ടായതാതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertising
Advertising

കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 1.9 ശതമാനത്തിന്റെ കുറവോടെ പൊതുചെലവ് 2.39 ശതകോടി റിയാലില്‍ എത്തിയതായാണ് കണക്കുകള്‍ പറയുന്നത്. പ്രതിരോധം, രാഷ്ട്രസുരക്ഷ, മന്ത്രാലയങ്ങള്‍, വായ്പകളിലെ പലിശ, എണ്ണ ഉല്‍പാദനം എന്നിവക്കാണ് ഇതില്‍ 1.62 ശതകോടി റിയാലും ചെലവഴിച്ചത്. ഇനം തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിരോധ, രാഷ്ട്ര സുരക്ഷാ മേഖലകളില്‍ ചെലവഴിച്ച തുക മൂന്ന് ശതമാനം വര്‍ധിച്ച് 58.45 കോടി റിയാല്‍ ആയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണവിലയിലെ ഇടിവ് രാജ്യത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വരുമാനത്തിലെ കുറവ് നികത്താന്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കടമെടുക്കാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടൊപ്പം പൊതുചെലവ് കുറച്ചും എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും ബജറ്റ് കമ്മി മറികടക്കാമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം നാലര ശതകോടി റിയാലായിരുന്ന ബജറ്റ് കമ്മി ഈ വര്‍ഷം 3.3 ശതകോടി റിയാലിന്റെ ബജറ്റ് കമ്മിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ധന സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഇന്ധനത്തിന്റെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ജനുവരി ആദ്യം മുതല്‍ എടുത്തുകളഞ്ഞിരുന്നു. ഇതോടൊപ്പം പ്രവാസികളുടേതടക്കം വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. മന്ത്രിമാരുടെയും അണ്ടര്‍സെക്രട്ടറിമാരുടെയും തത്തുല്ല്യ തസ്തികയിലുള്ളവര്‍ക്കും ബോണസ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് ഒടുവിലത്തേത്. പെട്രോകെമിക്കല്‍, ഖനന സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 12 ശതമാനം നികുതി 35 ശതമാനമാക്കാനുള്ള നിര്‍ദേശവും എല്‍.എന്‍.ജി സ്ഥാപനങ്ങളുടെ നികുതി 12ല്‍ നിന്ന് 55 ശതമാനം ആക്കുന്നതിനുള്ള നിര്‍ദേശവും സുല്‍ത്താന്റെ പരിഗണനയിലാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News