ഒമാന് യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രശംസ
ഗള്‍ഫ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഒമാന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍.
ഗള്‍ഫ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഒമാന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍. സംഘര്‍ഷവും യുദ്ധങ്ങളും അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി മുന്നിട്ടിറങ്ങുന്ന ഒമാന്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ചുമതലയേറ്റ ശേഷം മേഖലയിലെ ആദ്യ സന്ദര്‍ശനത്തിലാണ് ഗുട്ടേറസിന്‍റെ പ്രതികരണം.
ഒമാന്‍ വിദേശ കാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ളയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേരിസ് ചര്‍ച്ച നടത്തി. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട കക്ഷികളെയെല്ലാം ഒരുമിച്ചിരുത്തി കൂടിയാലോചനകളിലൂടെ സമാധാനം പുനസ്ഥാപിക്കാന്‍ എന്നും മുന്നിട്ടിറങ്ങുന്ന രാഷ്ട്രമാണ് ഒമാന്‍. ഈ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷ സാധ്യതകള്‍ക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാന്‍ ഒമാന് നിരവധി സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് സെക്രട്ടറി ജനറല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറെ ദുരിതനുഭവിക്കുന്നവരാണ് യമന്‍ ജനത. അതുകൊണ്ട് തന്നെ യമനില്‍ സമാധാന പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് താന്‍ എല്ലാവിധ ശ്രമവും പിന്തുണയും നല്‍കുമെന്നും ഗുട്ടേരിസ് കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയും സൗദി അറേബ്യയും യു.എ.ഇയും സന്ദര്‍ശിച്ച ശേഷമാണ് ഗുട്ടേരിസ് ഒമാനില്‍ എത്തുന്നത്. ഒമാനില്‍ നിന്ന് ഖത്തറും ഈജിപ്തും സന്ദര്‍ശിച്ച ശേഷം അദ്ദേഹം ജര്‍മനിയിലേക്ക് തിരിക്കും.