ഉച്ചവിശ്രമ നിയമം; ദുബൈ താമസ- കുടിയേറ്റ വകുപ്പ് ബോധവത്കരണ കാമ്പയിന്‍ തുടങ്ങി

Update: 2017-08-30 02:47 GMT
Editor : admin
ഉച്ചവിശ്രമ നിയമം; ദുബൈ താമസ- കുടിയേറ്റ വകുപ്പ് ബോധവത്കരണ കാമ്പയിന്‍ തുടങ്ങി

ഈ മാസം നിലവില്‍ വരുന്ന നിര്‍ബന്ധിത ഉച്ചവിശ്രമ നിയമത്തെക്കുറിച്ച് തൊഴിലാളികളെയും കമ്പനികളെയും ബോധവത്കരിക്കാന്‍ ദുബൈ താമസ- കുടിയേറ്റ വകുപ്പ് കാമ്പയിന്‍ തുടങ്ങി

ഈ മാസം നിലവില്‍ വരുന്ന നിര്‍ബന്ധിത ഉച്ചവിശ്രമ നിയമത്തെക്കുറിച്ച് തൊഴിലാളികളെയും കമ്പനികളെയും ബോധവത്കരിക്കാന്‍ ദുബൈ താമസ- കുടിയേറ്റ വകുപ്പ് കാമ്പയിന്‍ തുടങ്ങി. സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാണ് കാമ്പയിന്‍ നടത്തുന്നത്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ് നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഇക്കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കാന്‍ പാടില്ല.

Advertising
Advertising

നിയമം പാലിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ചും ലംഘിച്ചാലുണ്ടാകുന്ന പിഴയെക്കുറിച്ചും ബോധവത്കരണം നടത്തുന്നുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ തൊഴിലാളി ഒന്നിന് 5000 ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരും. പരമാവധി പിഴ 50,000 ദിര്‍ഹമാണ്. കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കാനും തരംതാഴ്ത്താനും വകുപ്പുണ്ട്. നിയമം വിശദീകരിക്കുന്ന വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ കാമ്പയിന്‍െറ ഭാഗമായി വിതരണം ചെയ്യുന്നുണ്ടെന്ന് പി.സി.എല്‍.എ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് ഇക്കാലയളവില്‍ തൊഴിലുടമകള്‍ കൃത്യമായ സമയക്രമം നിശ്ചയിക്കണം. വിശ്രമിക്കാന്‍ തണലും കുടിക്കാന്‍ വെള്ളവും ലഘുഭക്ഷണവും ഒരുക്കുകയും വേണം. അടിയന്തര സ്വഭാവമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനും പരിശോധനകള്‍ നടത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കമ്പനികളില്‍ എല്ലാദിവസവും സന്ദര്‍ശനം നടത്തും. നിയമലംഘനം നടത്തുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും 8005111, 0470705005 എന്നീ നമ്പറുകളിലോ ഇമെയില്‍ വിലാസത്തിലോ അറിയിക്കാം. കഴിഞ്ഞവര്‍ഷം 99.9 ശതമാനം കമ്പനികളും നിയമം പാലിച്ചിരുന്നു. 65,000 പരിശോധനകളാണ് കഴിഞ്ഞവര്‍ഷം നടത്തിയിരുന്നത്. നിയമം ലംഘിച്ച 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News