ശൈഖ ഫാത്തിമക്ക് സായിദ് പുരസ്‌കാരം സമ്മാനിച്ചു
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനൊപ്പം രാജ്യം കെട്ടിപ്പെടുക്കാനും ജനങ്ങളെ സേവിക്കാനും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഭാര്യ ശൈഖ ഫാത്തിമക്ക് ഈ വര്‍ഷത്തെ സായിദ് പുരസ്‌കാരം സമ്മാനിച്ചു.
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനൊപ്പം രാജ്യം കെട്ടിപ്പെടുക്കാനും ജനങ്ങളെ സേവിക്കാനും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഭാര്യ ശൈഖ ഫാത്തിമക്ക് ഈ വര്‍ഷത്തെ സായിദ് പുരസ്‌കാരം സമ്മാനിച്ചു. അബുദബിയില്‍ ആരംഭിച്ച മദര്‍ ഓഫ് നേഷന്‍ ആഘോഷത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
രാജ്യത്തെ മാതാക്കള്‍ക്കുള്ള ആദരമായാണ് മദര്‍ ഓഫ് നേഷന്‍ ആഘോഷം അബുദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചത്. വ്യാഴാഴ്ച മുതല്‍ അബുദബി കോര്‍ണിഷില്‍ മദര്‍ ഓഫ് നേഷന്‍ മഹോത്സവവും നടക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വേണ്ടി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പുരസ്‌കാരം സമ്മാനിച്ചത്. ശൈഖ ഫാത്തിമക്ക് വേണ്ടി സഹിഷ്ണുതാ കാര്യ സഹമന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി പുരസ്‌കാരം ഏറ്റുവാങ്ങി. മദര്‍ ഓഫ് നേഷന്‍ ആഘോഷത്തില്‍ അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖുമാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശൈഖ ഫാത്തിമയെ കുറിച്ച് ബഹുമാനിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് എഴുതിയ കവിതയും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മേക്കര്‍ ഓഫ് മെന്‍ എന്ന കവിതയാണ് പുറത്തുവിട്ടത്. ശൈഖ ഫാത്തിമക്കുള്ള സമര്‍പ്പണമായാണ് ഏപ്രില്‍ രണ്ട് വരെ നീളുന്ന മദര്‍ ഓഫ് നാഷനല്‍ മഹോത്സവം ഒരുക്കിയിരിക്കുന്നത്.