യുഎഇയിലെ രണ്ട് ടെലികോം കമ്പനികള്‍ ജിസിസി റോമിങ് നിരക്ക് കുറച്ചു

Update: 2017-11-08 10:06 GMT
Editor : admin
യുഎഇയിലെ രണ്ട് ടെലികോം കമ്പനികള്‍ ജിസിസി റോമിങ് നിരക്ക് കുറച്ചു

യുഎഇയിലെ ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ജിസിസി റോമിങ് നിരക്ക് കുറച്ചു

Full View

യുഎഇയിലെ ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ജിസിസി റോമിങ് നിരക്ക് കുറച്ചു. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. റോമിങ് നിരക്ക് കുറക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ജനറല്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള ഔട്ഗോയിങ് നിരക്കുകളില്‍ രണ്ട് ശതമാനവും ലോക്കല്‍ കോളുകളില്‍ അഞ്ച് ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എംഎസ്, ഡാറ്റ നിരക്കുകളിലാണ് ഏറ്റവും കൂടുതല്‍ ഇളവ്. എസ്എംഎസ് നിരക്കില്‍ 76 ശതമാനവും ഡാറ്റ നിരക്കില്‍ 90 ശതമാനവും ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Advertising
Advertising

മറ്റൊരു ജിസിസി രാജ്യത്ത് റോമിങിലായിരിക്കുമ്പോള്‍ ലോക്കല്‍ കോളുകള്‍ക്ക് മിനുട്ടിന് 95 ഫില്‍സായിരിക്കും പുതിയ നിരക്കെന്ന് ഡു അറിയിച്ചു. ഇതുവരെ ഒരു ദിര്‍ഹമായിരുന്നു. മറ്റൊരു ജി.സി.സി രാജ്യത്തേക്ക് വിളിക്കുമ്പോഴുള്ള നിരക്ക് 2.40 ദിര്‍ഹത്തില്‍ നിന്ന് 2.35 ഫില്‍സായി കുറച്ചു. എസ്.എം.എസ് നിരക്ക് ഒരു ദിര്‍ഹത്തില്‍ നിന്ന് 29 ഫില്‍സായും കുറച്ചു. പുതിയ ഡാറ്റ റോമിങ് നിരക്ക് ഒരു എം.ബിക്ക് 4.77 ദിര്‍ഹമായിരിക്കും. ഇതുവരെ പോസ്റ്റ്പെയ്ഡിന് ഒരു എം.ബിക്ക് 20 ദിര്‍ഹവും പ്രീപെയ്ഡിന് 30 ദിര്‍ഹവുമായിരുന്നു. ഇനി മുതല്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരേ നിരക്കായിരിക്കും. ഇതേ നിരക്ക് തന്നെയായിരിക്കും ഇത്തിസാലാത്തും ഈടാക്കുകയെന്നറിയുന്നു.

ജി.സി.സി രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ ഓരോ സ്ഥലത്ത് എത്തുമ്പോഴും പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ നിരക്കിളവിലൂടെ കഴിയുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. സ്വന്തം നമ്പര്‍ നിലനിര്‍ത്തി യാത്ര ചെയ്യാന്‍ ഉപഭോക്താക്കളെ ഇത് സഹായിക്കും. ജി.സി.സി മന്ത്രിതല സമിതിയുടെ വിദഗ്ധ സംഘം നിരക്ക് പരിശോധിക്കുകയും ആവശ്യമെങ്കില്‍ മാറ്റം വരുത്തുകയും ചെയ്യും.

നിരക്കിളവിലൂടെ ജി.സി.സി രാജ്യങ്ങളിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മൊത്തം 113 കോടി ഡോളറിന്‍രെ ലാഭമുണ്ടാകുമെന്ന് ജി.സി.സി സെക്രട്ടേറിയറ്റ് അസി. സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ ജുമാ അല്‍ ശിബിലി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News