യുഎഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ സമീപിച്ചതായി പരാതി

Update: 2018-04-03 02:24 GMT
Editor : Jaisy

നിലവിലെ വ്യോമയാന ചട്ടങ്ങൾക്ക്​ നിരക്കാത്ത ഇത്തരം നടപടികളിൽ നടപടി ഉണ്ടാകണം എന്നാണ്​ പരാതിയിൽ ആവശ്യപ്പെട്ടത്

രണ്ട്​ യുഎഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ സമീപിച്ചതായി ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര വ്യോമയാന സംഘനക്ക്​ യുഎഇ പരാതി കൈമാറി. നിലവിലെ വ്യോമയാന ചട്ടങ്ങൾക്ക്​ നിരക്കാത്ത ഇത്തരം നടപടികളിൽ നടപടി ഉണ്ടാകണം എന്നാണ്​ പരാതിയിൽ ആവശ്യപ്പെട്ടത്​. എന്നാൽ സംഭവം ഖത്തർ നിഷേധിക്കുകയാണ്​.

പോയ വാരത്തിലാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കുമാറുള്ള സംഭവം. യുഎഇ വ്യോമയാന അതോറിറ്റിയാണ്​ പരാതി നൽകിയത്​. ചിക്കാഗോ കൺവെൻഷൻ 54ാം വകുപ്പിന്റെ ലംഘനമാണ്​ നടന്നതെന്ന്​ പരാതിയിൽ പറയുന്നു. യാത്രാവിമാനത്തിനു നേരെയുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര ചട്ടങ്ങൾ മറികടക്കാനുള്ള ആസൂത്രിത നീക്കമാണെന്ന്​ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ​സൈഫ്​ അൽ സുവൈദി പറഞു.

Advertising
Advertising

പോയ വാരത്തിൽ ബഹ്​റൈൻ വ്യോമപരിധിയിലാണ്​ സംഭവം നടന്നതെന്നാണ്​ യുഎഇ പറയുന്നത്​. യുഎഇ രജിസ്ട്രേഷനുള്ള യാത്രാവിമാനങ്ങളിൽ ഒന്നിന്റെ പൈലറ്റ്​ അവസരോചിതമായി ദിശ മാറ്റിയതിനാൽ​ കൂട്ടിയിടി ഒഴിവായി.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്​ വ്യക്തമാക്കിയ യുഎഇ എന്നാൽ നിലവിലുള്ള റൂട്ടിൽ മാറ്റം വരുത്തില്ലെന്നും വ്യക്തമാക്കിയിരുന്നു.

ജനുവരി 15നും ഖത്തർ യുദ്ധവിമാനങ്ങൾ ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്കുള്ള രണ്ട്​ യുഎഇ യാത്രാവിമാനങ്ങൾക്ക്​ തടസം സൃഷ്​ടിച്ചിരുന്നതായ ആരോപണവും ഉയർന്നിരുന്നു. എന്നാൽ ​ഡിസംബർ 27ന്​ യുഎഇ വിമാനം വ്യോമപരിധി ലംഘിച്ചുവെന്ന്​ ആരോപിച്ച്​ ജനുവരി 11ന്​ ഖത്തർ ​ഐക്യരാഷ്ട്രസഭക്ക്​ പരാതി നൽകുകയും ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News