ഒമാൻ കടൽതീരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അധികൃതരെ വിവിരം അറിയിക്കണമെന്ന് മുന്നറിയിപ്പ്
സ്വയം കൈകാര്യം ചെയ്യരുതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ
മസ്കത്ത്: ഒമാൻ തീരത്തോ കടലിലോ കാണപ്പെടുന്ന സംശയാസ്പദമായ വസ്തുക്കളോ അവശിഷ്ടങ്ങളോ കൈകാര്യം ചെയ്യരുതെന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ സ്വദേശികൾക്കും വിദേശികൾക്കും കർശന നിർദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണിതെന്ന് സെന്റർ വിശദീകരിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കടലിലോ കടൽതീരത്തോ കാണപ്പെടുന്ന തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കളോ തകർന്ന അവശിഷ്ടങ്ങളോ അപകടസാധ്യതയുള്ളതാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണം. ഇത് വിദഗ്ധ സംഘത്തിന് കൃത്യസമയത്ത് സ്ഥലത്തെത്തി പരിശോധന നടത്താൻ സഹായകമാകും. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഇത്തരം സാഹചര്യങ്ങളിൽ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.