യുഎഇയുടെ സർക്കാർ ആശയവിനിമയ നയത്തിന് അംഗീകാരം
മെച്ചപ്പെട്ട ആശയവിനിമയ രീതി സാധ്യമാക്കാനും ഫെഡറൽ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ആശയവിനിമയ സംവിധാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ദേശീയ പരിഗണനകളും നയപരമായ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതാണ് സർക്കാർ ആശയവിനിമയ നയം
യുഎഇയുടെ സർക്കാർ ആശയവിനിമയ നയത്തിന് അംഗീകാരം. മെച്ചപ്പെട്ട ആശയവിനിമയ രീതി സാധ്യമാക്കാനും ഫെഡറൽ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ആശയവിനിമയ സംവിധാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ദേശീയ പരിഗണനകളും നയപരമായ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതാണ് സർക്കാർ ആശയവിനിമയ നയം .
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭ യോഗമാണ് അനുമതി നൽകിയത്. ജനങ്ങളുടെ മുൻഗണനകളെ പോലെ നമുക്ക് ചുറ്റുമുള്ള ആഗോള വികസനം മാറിക്കൊണ്ടിരിക്കുകയും വേഗത കൈവരിക്കുകയും ചെയ്യുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു.
അത്യാധുനിക സേവനങ്ങളും സംരംഭങ്ങളും കൊണ്ട് യു.എ.ഇ ആഗോള ശ്രദ്ധ നേടുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. പ്രാദേശിക, ആഗോള ജനവിഭാഗത്തെ ബന്ധിപ്പിക്കുന്നതിൽ സർക്കാർ ആശയവിനിമയം ഒരു തൂണായിരിക്കും. വിഷൻ യു.എ.ഇ 2021നെ പിന്തുണക്കുന്ന മുൻഗണനകളിലും ലക്ഷ്യങ്ങളിലും സർക്കാർ ആശയവിനിമയം ശ്രദ്ധ കേന്ദ്രീകരിക്കും.
2021 വരെയുള്ള സർക്കാർ ആശയവിനിമയത്തിന് അഞ്ച് ലക്ഷ്യങ്ങളും മുൻഗണനകളുമാണ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാരും എല്ലാ മേഖലകളും തമ്മിലുള്ള ആശയവിനിമയ ഏകോപനം ശക്തിപ്പെടുത്തൽ, വിവിധ ആശയവിനിമ സംവിധാനങ്ങളിൽ സർക്കാർ പ്രതിച്ഛായ കാര്യക്ഷമമവും നവീനവുമായ രീതിയിൽ കൈകാര്യം ചെയ്യൽ, ദേശസ്നേഹ മൂല്യങ്ങൾ ഉറപ്പാക്കൽ, മാധ്യമ സ്ഥാപനങ്ങളമായുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് ഇത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും പങ്കെടുത്തു.