ഒമാനിൽ ഏകീകൃത വിലാസ സംവിധാനം; നടപടികൾ പുരോഗമിക്കുന്നു
2020 ഓടെ ഇത് പൂർണമായി നടപ്പിൽ വരുത്തുകയാണ് ലക്ഷ്യം
ഒമാനിൽ ഏകീകൃത വിലാസ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. 2020 ഓടെ ഇത് പൂർണമായി നടപ്പിൽ വരുത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ മാപ്പിങ്, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ എന്നീ മേഖലകളിലെ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാകും ഏകീകൃത വിലാസ സംവിധാനം നടപ്പിൽ വരുത്തുക.
കെട്ടിട നമ്പർ, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്, നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാൻ കഴിയുംവിധമായിരിക്കും സംവിധാനം നടപ്പിൽ വരുക. ഈ സംവിധാനം പൂർണമാകുന്നതോടെ രാജ്യത്ത് ഡോർ ടു ഡോർ പോസ്റ്റൽ സംവിധാനം ആരംഭിക്കാൻ സാധിക്കുമെന്ന് ഒമാൻ പോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ മാലിക്ക് അൽ ബലൂഷി പറഞ്ഞു. പോസ്റ്റൽ ചരക്കുഗതാഗത മേഖലക്ക് ഉണർവ് പകരാൻ ഈ സംവിധാനത്തിന് സാധിക്കും. നിലവിൽ ഒരേ നമ്പറിലുള്ള സ്ഥലങ്ങൾ പല മേഖലകളിലായി ഉണ്ട്. ഇതുമൂലം വീടുകൾക്ക് ഒപ്പം ബിസിനസ് സ്ഥാപനങ്ങളും കടകളും റസ്റ്റോറന്റുകളുമെല്ലാം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഏകീകൃത വിലാസ സംവിധാനം ഇതിനെല്ലാം പരിഹാരമാകും. അടുത്തിടെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫോർ ജ്യോഗ്രഫിക് ഇൻഫർമേഷൻ പ്രൊജക്ട് അവതരിപ്പിച്ചിച്ചിരുന്നു. നാലുഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പിൽ വരുത്തുക.