റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സല്‍മാന്‍ രാജാവ് മടങ്ങി

Update: 2018-04-21 21:13 GMT
Editor : Jaisy
റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സല്‍മാന്‍ രാജാവ് മടങ്ങി
Advertising

സിറിയ, എണ്ണവിലയിടിവ്, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുത്താണ് രാജാവിന്റെ മടക്കം

മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് മടങ്ങി. സിറിയ, എണ്ണവിലയിടിവ്, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുത്താണ് രാജാവിന്റെ മടക്കം. സാമ്പത്തിക രംഗത്തും നിര്‍ണായക നേട്ടങ്ങള്‍ സന്ദര്‍ശനത്തിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

സൗദി, റഷ്യ സഹകരണത്തില്‍ 25 പദ്ധതികള്‍ ഒപ്പുവെച്ചാണ് സല്‍മാന്‍ രാജാവിന്റെ മടക്കം. അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, ടൂറിസം, സാങ്കേതികവിദ്യ, ഊര്‍ജ്ജം,ഉപ്പുജല ശുദ്ധീകരണം, പെട്രോളിയം, പെട്രോകെമിക്കല്‍, ഗ്യാസ് തുടങ്ങിയ മേഖലയിലെ സഹകരണ പദ്ധതികളാണ് ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പാക്കുക. ഇതിനു പുറമെ ആണവോര്‍ജം, ബഹിരാകാശ ഗവേഷണം എന്നീ രംഗങ്ങളില്‍ റഷ്യയുമായുള്ള സഹകരണം സൌദിക്ക് ഏറെ ഗുണകരമാകും.

സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം എന്ന നയത്തിന്റെ ഭാഗമായി സൌദിയില്‍ രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനവും സന്ദര്‍ശന നേട്ടമാണ്. അത്യാധുനിക ശ്രേണിയില്‍ പെടുന്ന എസ്-400 മിസൈലുകള്‍ വാങ്ങാനും കരാറുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധി താണ്ടാനും നിരീക്ഷണത്തിനും സ്വാധീനമുള്ളതാണ് മിസൈലുകള്‍. ഇവ സ്വന്തമാക്കുന്നതോടെ മേഖലയിലെ ഏറ്റവും വലിയ വ്യോമനിരീക്ഷണ, പ്രതിരോധ, സൈനിക ശക്തിയാകാന്‍ സൌദിക്കാകും. സിറിയന്‍ വിഷയവും സൌദി റഷ്യ ചര്‍ച്ചയില്‍ വന്നു. മേഖലയിലെ പ്രശ്ന പരിഹാരത്തിനും ചര്‍ച്ച ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എണ്ണവിലയിടിവ് നിയന്ത്രണത്തിനുള്ള ചര്‍ച്ചകളും സന്ദര്‍ശനത്തിലുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ ഗുണഫലങ്ങള്‍ സാമ്പത്തിക രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News